ചെന്നൈ രാജസ്ഥാനോട് തോറ്റു ധോണിയുടെ മഞ്ഞപ്പടയുടെ പ്ലേ ഓഫ് സാധ്യത മങ്ങി

അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ഏഴ് വിക്കറ്റ് ജയം നേടി രാജസ്ഥാന്‍. ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നാലാം ജയത്തോടെ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ മുന്നേറിയപ്പോള്‍ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി.

48 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 70 റണ്ണുമായിനിന്ന ജോസ്‌ ബട്ട്‌ലറും 34 പന്തില്‍ 26 റണ്ണെടുത്ത സ്‌റ്റീവ്‌ സ്‌മിത്തുമാണ്‌ രാജസ്ഥാൻ്റെ വിജയ ശില്‍പ്പികള്‍.
ഓപ്പണര്‍മാരായ ബെന്‍ സ്‌റ്റോക്‌സ് (11 പന്തില്‍ 19), റോബിന്‍ ഉത്തപ്പ (നാല്‌) എന്നിവരെ പുറത്താക്കിയ മുന്‍തൂക്കം നിലനിര്‍ത്താന്‍ സൂപ്പര്‍ കിങ്‌സിനായില്ല.

മൂന്നാമനായി ഇറങ്ങിയ സഞ്‌ജു സാംസണ്‍ റണ്ണെടുക്കാതെ പുറത്തായി. സഞ്‌ജുവിനെ ദീപക്‌ ചാഹാറിന്റെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ കൂടിയായ ധോണി പിടികൂടി. ബട്ട്‌ലറും സ്‌മിത്തും ചേര്‍ന്ന്‌ 13 ഓവറില്‍ 98 റണ്ണിന്റെ അപരാജിത കൂട്ടുകെട്ടുണ്ടാക്കി.

തോല്‍വിയോടെ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ്‌ സാധ്യതകള്‍ കൂടുതൽ മങ്ങി. രവീന്ദ്ര ജഡേജ (30 പന്തില്‍ നാല്‌ ഫോറുകളടക്കം പുറത്താകാതെ 35), ധോണി (28 പന്തില്‍ രണ്ട്‌ ഫോറുകളടക്കം 28), ഓപ്പണര്‍ സാം കുറാന്‍ (25 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 22) എന്നിവര്‍ മാത്രമാണു പിടിച്ചു നിന്നത്‌. കുറാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത ഫാഫ്‌ ഡു പ്ലെസിസ്‌ (ഒന്‍പത്‌ പന്തില്‍ 10) ജോഫ്ര ആര്‍ച്ചറുനെ പന്തില്‍ ജോസ്‌ ബട്ട്‌ലറിനു ക്യാച്ച്‌ നല്‍കി. മൂന്നാമനായി ഇറങ്ങിയ ഷെയ്‌ന്‍ വാട്‌സണിനും ശോഭിക്കാനായില്ല. മൂന്ന്‌ പന്തില്‍ എട്ട്‌ റണ്ണെടുത്ത വാട്‌സണിനെ കാര്‍ത്തിക്‌ ത്യാഗിയുടെ പന്തില്‍ രാഹുല്‍ തെവാതിയ പിടികൂടി. സാം കുറാനും വൈകാതെ ക്രീസ്‌ വിട്ടു. സ്‌കോറിങ്‌ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ശ്രേയസ്‌ ഗോപാലിനെ ഉയര്‍ത്തിയടിച്ച ഇംഗ്ലണ്ട്‌ താരം ജോസ്‌ ബട്ട്‌ലറിന്റെ കൈയില്‍ ഒതുങ്ങി. അമ്ബാട്ടി റായിഡുവും (19 പന്തില്‍ 13) ധോണിയും ചേര്‍ന്നതോടെ ഇന്നിങ്‌സിനു ജീവന്‍ വച്ചു.

ലെഗ്‌ സ്‌പിന്നര്‍ തെവാതിയക്കെതിരേ ഇല്ലാത്ത ഷോട്ടിനു ശ്രമിച്ച അമ്ബാട്ടി റായിഡു വിക്കറ്റ്‌ കീപ്പര്‍ സഞ്‌ജു സാംസണിന്റെ കൈയില്‍ അവസാനിച്ചു. ജഡേജയും ധോണിയും ക്രീസിലുണ്ടായിരുന്നപ്പോള്‍ സൂപ്പര്‍ കിങ്‌സ് 150 ലെത്തുമെന്നു തോന്നിപ്പിച്ചു. 18-ാം ഓവറില്‍ ധോണി റണ്ണൗട്ടായി. ഇല്ലാത്ത രണ്ടാം റണ്ണിനോടിയ ധോണി ക്രീസിലെത്തും മുമ്ബ്‌ സഞ്‌ജു ബെയ്‌ല്‍സ്‌ ഇളക്കി. ബെന്‍ സ്‌റ്റോക്‌സ് എറിഞ്ഞ അവസാന ഓവറില്‍ ഏഴ്‌ റണ്‍ മാത്രമാണു വഴങ്ങിയത്‌. ഏഴ്‌ പന്തില്‍ നാല്‌ റണ്ണെടുത്ത കേദാര്‍ ജാദവാണു ജഡേജയ്‌ക്കു കൂട്ടിനുണ്ടായിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →