ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിത് യുവതിയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മുൻ ഗ്രാമത്തലവൻ്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് പൊലീസ് പറയുന്നു. ഉത്തർപ്രദേശിലെ ദേഹാത് ജില്ലയിലാണ് സംഭവം.
“ഒരാഴ്ച മുമ്പാണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെങ്കിലും ഇക്കഴിഞ്ഞ ദിവസമാണ് പീഡനവിവരം പുറത്തറിഞ്ഞത്. ”
പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി പറഞ്ഞു.
യുവതി വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് മുൻ ഗ്രാമത്തലവന്‍ ഉള്‍പ്പടെ രണ്ടു പേര്‍ വീട്ടിലേക്ക് അതിക്രമിച്ച് എത്തുകയും യുവതിയെ പീഡനത്തിനിരയാക്കുകയും ചെയ്തത്.
തോക്ക് ചൂണ്ടി പേടിപ്പിച്ചായിരുന്നു പീഡനം. വിവരം പുറത്തറിയിച്ചാല്‍ കുടുംബത്തെ ഇല്ലാതാക്കുമെന്ന് പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് പീഡിപ്പിക്കപ്പെട്ട വിവരം യുവതി വീട്ടുകാരെ അറിയിച്ചത്. ഇതോടെ യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.