ആണവായുധ വാഹക ശേഷിയുള്ള പൃഥ്വി 2 മിസൈലിന്റെ രണ്ടാംവട്ട രാത്രികാല പരീക്ഷണവും വിജയം

ന്യൂഡൽഹി : തദ്ദേശീയമായി വികസിപ്പിച്ച ആണവായുധ വാഹക ശേഷിയുള്ള പൃഥ്വി 2 മിസൈലിന്റെ രണ്ടാം വട്ട രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഒഡീഷയിലെ പടിഞ്ഞാറൻ തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിൽ വച്ചായിരുന്നു പരീക്ഷണം.

ന്യൂക്ലിയർ കമാൻഡ് അതോറിറ്റിയുടെ ഭാഗമായ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ആണ് പൃഥി 2 ന്റെ രണ്ടാംവട്ട പരീക്ഷണം നടത്തിയത്. പരീക്ഷണത്തിൽ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് തീരുമാനിച്ച ലക്ഷ്യങ്ങൾ മിസൈൽ കൈവരിച്ചുവെന്നാണ് വിവരം. പൃഥ്വി 2 മിസൈലിന്റെ രണ്ടാം വട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിലൂടെ പ്രതിരോധ മേഖലയിൽ നിർണ്ണായക നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27 നായിരുന്നു പൃഥ്വി 2 മിസൈലിന്റെ ആദ്യ വട്ട പരീക്ഷണം നടന്നത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ ഉപരിതല- ഉപരിതല മിസൈലാണ് പൃഥ്വി 2. ഒൻപത് മീറ്റർ നീളമുള്ള മിസൈൽ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡിആർഡിഒയാണ് വികസിപ്പിച്ചത്. 250 കിലോ മീറ്റർ ദൂരപരിധിയുള്ള പൃഥ്വിയ്ക്ക് ഒരു ടൺ ആയുധ ശേഖരം വരെ വഹിക്കാനാകും. വിവിധ സ്ഥലങ്ങളിലെ ദീർഘദൂര , മൾട്ടി-ഫംഗ്ഷൻ റഡാറുകൾ, ഇലക്ട്രോ ഒപ്റ്റിക് ടെലിമെട്രി സ്റ്റേഷനുകൾ എന്നിവയുടെ ബാറ്ററിയാണ് മിസൈലുകളുടെ സഞ്ചാരപഥം രേഖപ്പെടുത്തുന്നത്.

അതേസമയം കഴിഞ്ഞ 40 ദിവസത്തിനിടെ ഡിആർഡിഒ വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ പരീക്ഷണം കൂടിയാണ് പൃഥ്വി 2 ന്റേത് എന്നതും ശ്രദ്ധേയമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →