തിരുവനന്തപുരം ജില്ലയില്‍ 24മണിക്കൂറും പ്രവര്‍ത്തനക്ഷമമായി വിളക്കണയാത്ത മൃഗാശുപത്രികള്‍

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി വെറ്ററിനറി ആശുപത്രികള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിളക്കണയാത്ത മൃഗാശുപത്രികളായി മാറുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16.10.2020 വെളളിയാഴ്ച മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയിലെ വെറ്ററിനറി പോളിക്ലിനിക്കുകളായ നെടുമങ്ങാട്, പാറശ്ശാല, വെറ്ററിനറി ആശുപത്രിയായ ആറ്റിങ്ങല്‍ എന്നീ സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് മാറുന്നത്.

പാറശ്ശാല വെറ്ററിനറി പോളിക്ലിനിക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം വൈകിട്ട് അഞ്ചിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും, നെടുമങ്ങാട് വെറ്ററിനറി പോളിക്ലിനിക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം പോളിക്ലിനിക്കില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ സി.ദിവാകരന്‍ എം.എല്‍.എ നിര്‍വഹിക്കും. ആറ്റിങ്ങല്‍ വെറ്ററിനറി ഹോസ്പിറ്റലിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തനോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി നിര്‍വഹിക്കും. ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ് എം.പി. മുഖ്യാതിഥിയാകും.

ഒരു സീനിയര്‍ വെറ്ററിനറി സര്‍ജ്ജന്റെ നേതൃത്വത്തില്‍ മൂന്നു ഡോക്ടര്‍മാരും രണ്ട് ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരും മറ്റു അനുബന്ധ ജീവനക്കാരുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കും. വകുപ്പിലെ തന്നെ തസ്തികകള്‍ പുനര്‍വിന്യാസം നടത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8565/Veterenary-Hospitals.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →