ന്യൂഡൽഹി: അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ബാങ്ക് ഓഫ് ബറോഡയുടെ 50 ശതമാനം ജീവനക്കാരെയും ‘വീട്ടിൽ നിന്നുള്ള ജോലിയിലേക്ക് ‘ (വർക്ക് ഫ്രം ഹോം ) മാറ്റാൻ ആലോചിക്കുന്നതായി മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ സഞ്ജീവ് ചദ്ദ പറഞ്ഞു.
“അടുത്ത 4-5 വർഷങ്ങളിൽ ബാങ്ക് വലിയ ഒരു പരിവർത്തനം നടത്താൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു, അത് പുതിയ ഒരു തൊഴിൽ സമ്പ്രദായമാണ്. 50 ശതമാനം ജീവനക്കാർ മാത്രമേ മുഴുവൻ സമയവും ബ്രാഞ്ചുകളിൽ ജോലിചെയ്യൂ. ബാക്കി വീട്ടിൽ നിന്ന് തന്നെ പ്രവർത്തിക്കും,” ചദ്ദ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) സംഘടിപ്പിച്ച എച്ച്ആർ കോൺക്ലേവിൽ പറഞ്ഞു.
നിലവിൽ ബാങ്കിന്റെ 80 ശതമാനം ജീവനക്കാരെയും ബ്രാഞ്ചുകളിൽ വിന്യസിച്ചിട്ടുണ്ട്. നിലവിൽ എല്ലാ ഉപഭോക്താക്കളും ബാങ്ക് ശാഖകളിലേക്ക് വരുന്നില്ലെന്നും ചദ്ദ പറഞ്ഞു.
ബാങ്ക് എല്ലാ മാനവ വിഭവശേഷി (എച്ച്ആർ) നയങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ടെന്നും വീട്ടിൽ നിന്നുള്ള ജോലികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ബിസിനസ് കണക്റ്റിവിറ്റി പ്ലാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.