പൃഥ്വിരാജിനോടും മോഹന്‍ലാലിനോടുമാണ് നന്ദിയെന്ന് വിനീത്, വിവേകിന്‍റെ ബോബിയിലൂടെ താരം അത് നേടി

അഭിനയവും നൃത്തവും ഡബ്ബിംഗും തനിക്ക് ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച വിനീതിനെത്തേടിയും പുരസ്‌കാരമെത്തിയിരിക്കുകയാണ്. ലൂസിഫറില്‍ വിവേക് ഒബ്‌റോയിയുടെ ബോബിക്ക് ശബ്ദം നല്‍കിയത് വിനീതായിരുന്നു. ബോബിക്ക് ലഭിച്ച കൈയ്യടി തന്നെ വിനീതിന്റെ ശബ്ദത്തിനും ലഭിച്ചിരുന്നു. 50ാമത് സംസ്ഥാന അവാര്‍ഡില്‍ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വിനീത് ഇപ്പോള്‍.

ലൂസിഫറിലെ ഡബ്ബിംഗിന് മാത്രമല്ല , മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലെയും ഡബ്ബിംഗ് പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയിട്ടുള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രത്തില്‍ ശബ്ദത്തിലൂടെ സാന്നിധ്യമാവാന്‍ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെച്ച് നേരത്തെ വിനീത് എത്തിയിരുന്നു. കോറിയോഗ്രാഫറിന് പിന്നാലെ ഡബ്ബിംഗ് ആര്‍ടിസ്റ്റിനുള്ള പുരസ്കാരം കൂടി നേടാന്‍ കഴിഞ്ഞതില്‍ അതീവ സന്തുഷ്ടനായ വിനീതിനെ മോഹന്‍ലാല്‍ വിളിച്ച് സന്തോഷം പങ്കുവെച്ചിരുന്നു എന്ന് വിനീത് പറയുന്നു.

എത്രയോ വർഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഇതാദ്യമായാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന രീതിയിൽ അവാർഡ് ലഭിക്കുന്നത്. എന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് ആണിത്, ആദ്യം ലഭിച്ചത് 2016ൽ കാംബോജിഎന്ന ചിത്രത്തിലൂടെ മികച്ച കൊറിയോഗ്രാഫർക്കുള്ള പുരസ്കാരമായിരുന്നുവെന്നും വിനീത് പറയുന്നു. ഈ പുരസ്കാരം അപ്രതീക്ഷിതമായിരുന്നു.

ഞാൻ നന്ദി പറയേണ്ടത് പൃഥ്വിരാജിനും മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനും പ്രിയദർശൻ സാറിനുമാണ്. ലാലേട്ടൻ വിളിച്ചു, സന്തോഷം പങ്കിട്ടു ഫോൺ വെച്ചതേയുള്ളൂയെന്നുമായിരുന്നു താരം പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് മലയാളവുമായി സംസാരിക്കുന്നതിനിടയിലായിരുന്നു താരം അവാര്‍ഡ് വിശേഷം പങ്കുവെച്ചത്. സ്ക്രീനിലെ കഥാപാത്രങ്ങളെക്കുറിച്ച് മാത്രമല്ല ആരുടെ ശബ്ദമായിരിക്കണം അവര്‍ക്ക് എന്ന കാര്യത്തെക്കുറിച്ചും പൃഥ്വിരാജിന് ബോധ്യമുണ്ടായിരുന്നു. പൃഥ്വിരാജ് വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് താന്‍ വിവേകിനായി ശബ്ദം നല്‍കിയതെന്ന് നേരത്തെ വിനീത് പറഞ്ഞിരുന്നു. ബോബി എന്ന ചിരിക്കുന്ന വില്ലനായാണ് വിവേക് ഒബ്റോയ് എത്തിയത്. മോഹന്‍ലാലിന്റെ വില്ലന് ശബ്ദം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ചില്ലറയല്ലെന്നും താരം പറഞ്ഞിരുന്നു. വിവേകിന്‍റെ അഭിനയത്തിന് പൂര്‍ണ്ണത നല്‍കിയത് വിനീതിന്‍റെ ശബ്ദമായിരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

പൃഥ്വിരാജ് ഏല്പിച്ച ഈ ദൗത്യം വിജയിച്ചതിൻ്റെ മുഴുവന്‍ ക്രഡിറ്റും അദ്ദേഹത്തിനാണെന്ന് വിനീത് പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പൃഥ്വി വിളിച്ചപ്പോള്‍ താന്‍ പരിഭ്രമിച്ചിരുന്നുവെന്നും താന്‍ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്ക അലട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എങ്ങനെ ഡബ്ബ് ചെയ്യണമെന്നും ശബ്ദത്തിലെ മോഡുലേഷനെക്കുറിച്ചുമൊക്കെ പൃഥ്വി നന്നായി പറഞ്ഞുതന്നിരുന്നു

അദ്ദേഹം ഡബ്ബ് ചെയ്ത് വെച്ച കാര്യം കേള്‍ക്കാനും ആവശ്യപ്പെട്ടിരുന്നു. സംവിധാന സഹായിയായ വാവയും മുരളി ഗോപിയും ഇക്കാര്യത്തില്‍ തനിക്കൊപ്പം നിന്നിരുന്നുവെന്നും വിനീത് പറഞ്ഞിരുന്നു. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞത് വലിയൊരു കാര്യമാണ്. ഡബ്ബിംഗിനായി മറ്റുള്ളവര്‍ വിളിച്ചാല്‍ ഇനി താന്‍ പോവുമെന്നും നേരത്തെ വിനീത് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമായാണ് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലേക്കും വിനീതിനെ വിളിച്ചത്.

ലൂസിഫറിലെ ശബ്ദത്തിന് മാനത്തെ വെള്ളിത്തേരുമായി സാമ്യമെന്ന തരത്തില്‍ ചിലരൊക്കെ പറഞ്ഞിരുന്നു. ആ സിനിമയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രവുമായി സാമ്യമുണ്ടെന്നായിരുന്നു അവര്‍ ചൂണ്ടിക്കാണിച്ചത്. ഇക്കാര്യത്തില്‍ പൂര്‍ണ്ണ പങ്കും ഫാസിലിനുള്ളതാണ്. ഒരാഴ്ച കുത്തിയിരുന്ന് പഠിച്ചതിന് ശേഷമാണ് ആ സിനിമ ഡബ്ബ് ചെയ്തത്. സാധാരണഗതിയില്‍ തന്റെ ഡബ്ബിംഗ് പെട്ടെന്ന് തീരാറുണ്ട്. ലൂസിഫറിലെ ഡബ്ബിംഗിനെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ വന്ന് തുടങ്ങിയപ്പോള്‍ത്തന്നെ പാച്ചിക്കയെ വിളിച്ച് നന്ദി പറഞ്ഞിരുന്നുവെന്നും മുന്‍പ് വിനീത് പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →