ന്യൂഡൽഹി: മൊറട്ടോറിയം കാലത്തെ പിഴപ്പലിശ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ, രണ്ടുകോടി രൂപ വരെയുള്ള വായ്പകൾക്ക് പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ ഒരുമാസം കൂടി വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു.
ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, ആര്‍. സുഭാഷ് റെഡ്ഡി, എം.ആര്‍. ഷാ എന്നിവരുടെ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
സര്‍ക്കാര്‍ ഇതിനകം തന്നെ ഒരു തീരുമാനത്തിലെത്തിയിരിക്കെ, അത് നടപ്പാക്കാന്‍ എന്തുകൊണ്ടാണ് ഇത്രയധികം കാലതാമസം എടുക്കുന്നതെന്ന് കോടതി ആരാഞ്ഞു. സാധാരണക്കാര്‍ ആശങ്കാകുലരാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കാരണം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള മാര്‍ഗം കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഇളവ് നടപ്പാക്കാന്‍ നവംബര്‍ രണ്ടിന് കോടതി പുതിയ സമയപരിധി നിശ്ചയിച്ചു. തീരുമാനം നടപ്പാക്കാന്‍ ഒരു മാസം സമയമാണ് കേന്ദ്രം ചോദിച്ചത്. എന്നാല്‍ ഒരു മാസം സമയം നല്‍കാനാവില്ലെന്നും നവംബര്‍ രണ്ടിനുള്ളില്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സാധാരണക്കാരന്റെ അവസ്ഥ സര്‍ക്കാര്‍ കാണണം. തീരുമാനം നടപ്പാക്കാന്‍ വൈകുന്നത് സാധാരണക്കാരന്റെ താല്പര്യത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
രണ്ടു കോടി വരെയുള്ള വായ്പകളുടെ പലിശ എഴുതി തള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. രണ്ടു കോടി രൂപ വരെയുള്ള വായ്പകളുടെ ആറ് മാസം മൊറട്ടോറിയം കാലയളവിലെ പലിശയാണ് എഴുതി തള്ളുന്നത്. ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി നേരത്തെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്രം തയാറായിരുന്നില്ല. ചെറുകിട, ഇടത്തരം സംരംഭകര്‍, വിദ്യാഭ്യാസം, പാര്‍പ്പിടം, ഓട്ടോ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക എന്നിവയ്ക്ക് എടുക്കുന്ന വായ്പകള്‍ക്ക് പലിശ ഇളവ് ലഭിക്കും.