ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ എന്താണ്? അറിയാം

ന്യൂഡല്‍ഹി: രാജ്യത്തെ എട്ടു ബീച്ചുകള്‍ക്ക് ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ കാപ്പാട് ബീച്ചിനാണ് അംഗീകാരം. എന്നാല്‍ എന്താണ് ബ്ലു ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ എന്ന് അറിയാമോ? ഈ അംഗീകാരത്തിന്റെ പ്രത്യേകതയും അറിയാം. നാല് വിഭാഗങ്ങളിലായി 33 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള പരിസ്ഥിതി വിദ്യാഭ്യാസ ഫൗണ്ടേഷനാണ് ‘ബ്ലൂ ഫ്‌ലാഗ്’ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. ഇത് ലഭിക്കുന്നതിന് ബീച്ചുകള്‍ പാലിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ട കര്‍ശനമായ പാരിസ്ഥിതിക, സുരക്ഷാ മാനദണ്ഡങ്ങളുണ്ട്. ജലത്തിന്റെ ഗുണനിലവാരം, പരിസ്ഥിതി പരിപാലനം, പരിസ്ഥിതി വിദ്യാഭ്യാസം, സുരക്ഷ എന്നീ നാല് പ്രധാന മാനദണ്ഡങ്ങളിലൂടെ ശുദ്ധജല, സമുദ്ര പ്രദേശങ്ങളില്‍ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 1985 ല്‍ ഫ്രാന്‍സിലും യൂറോപ്പിന് പുറത്തുള്ള പ്രദേശങ്ങളിലുമാണ് ഈ പദ്ധതി ആരംഭിച്ചത്.

കാപ്പാടിന് പുറമെ കര്‍ണാടകയിലെ ഉടുപ്പി ജില്ലയിലുള്ള പദുബിദ്രി ഉത്തര കന്നഡ ജില്ലയിലുള്ള കസാര്‍കോഡ് ബീച്ചുകള്‍ക്കും രുഷികോണ്ട (ആന്ധ്രാപ്രദേശ്), ശിവരാജ്പൂര്‍ (ഗുജറാത്ത്), ഗോഗ്ല (ഡിയു), സുവര്‍ണ്ണ (ഒഡീഷ), രാധനഗര്‍ (ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍) എന്നീ ബീച്ചുകള്‍ക്കും ബ്ലൂഫ്‌ലാഗ് അംഗീകാരം ലഭിച്ചു. ലോകം മുഴുവന്‍ അറിയപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കറ്റിലൂടെ ലഭ്യമാകുക. ബീച്ച് ടൂറിസത്തില്‍ വെള്ളത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. ബീച്ച് നല്ല രീതിയില്‍ പരിപാലിക്കുന്നതില്‍ തദ്ദേശ വാസികളുടെ പങ്ക് വളരെ വലുതാണ്. ധൈര്യമായി വെള്ളത്തിലിറങ്ങി കുളിക്കാന്‍ കഴിയുന്ന തരത്തില്‍ സംരക്ഷിക്കപ്പെടണം. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനവുമായി സഹകരിച്ചാണ് കേരളത്തില്‍ പദ്ധഥി നടപ്പാക്കുന്നത്. എട്ട് കോടി രൂപയാണ് കാപ്പാട് ഇതിനായി ചെലവഴിച്ചത് നാല് കോടി പദ്ധതിക്കും നാല് കോടി പരിപാലനത്തിനുമാണ്. ഇന്ത്യയില്‍ നിന്നും ആകെ പതിനാല് ബീച്ചുകളാണ് ബ്ലൂ ഫ്ലാഗിനു വേണ്ടി പരിഗണിച്ചിട്ടുള്ളത്. സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതോടെ കാപ്പാട് ലോക ടൂറിസം ഭൂപടത്തിലിടം പിടിക്കും. ഇതോടെ ബീച്ചിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം പതിന്‍മടങ്ങാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →