കൊലപാതകത്തിന് കാരണം കുടിപ്പകയെന്ന് പോലീസ്

അന്തിക്കാട്: മുറ്റിച്ചൂര്‍ നിധിലിന്റെ കൊലപാതകത്തിന് കാരണം കുടിപ്പകയെന്ന് പോലീസ്. പെരിങ്ങോട്ടുകരയില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായ ആദര്‍ശിന്റെ സംഘത്തില്‍ പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നും പോലീസ് കരുതുന്നു.

സംഘങ്ങള്‍ തമ്മില്‍ നിരന്തരം സംഘട്ടനം നടന്നിരുന്നു. ഏറ്റുമുട്ടലില്‍ വാഹനം ഇടിച്ചുവീഴ്ത്തി എതിര്‍ സംഘത്തിലുളളവരെ വെട്ടി പരിക്കേല്‍പ്പിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ബിജെപി പ്രവര്‍ത്തകനായ നിധിലിനെ വധിച്ചതും ഇതേ രീതിയില്‍ തന്നെയായിരുന്നു. നിധിലിന്റെ സഹോദരന്‍ നിജിലിനെ സനല്‍ ഉള്‍പ്പടെയുളളവര്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. തിരിച്ചും പലതവണ ആക്രമണം ഉണ്ടായി.

നിധിലിന്റെ എതിര്‍ ചേരിയില്‍ പെട്ട സനലിനെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് മറ്റുപ്രതികള്‍ക്കായി അന്വേഷണം നടന്നുവരുന്നു. നിധിലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി അന്തിക്കാട് പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി തൃശൂരില്‍ നിന്ന് വീട്ടിലെത്തിച്ച് സംസ്‌കരിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡ ന്റ് ഡോ. പ്രമീളാ ദേവി നിധിലിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളേയും ഭാര്യ പ്രബിതയേയും ആശ്വസിപ്പിച്ചു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ഉല്ലാസ് ബാബു, കെ.ആര്‍. ഹരി, മണ്ഡലം പ്രസിഡന്റ് ഇ.പി. ഹരീഷ് പഞ്ചായത്ത് പ്രസിഡന്‍റ് മണികണ്ഠന്‍ എന്നിവര്‍ എത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം