ഒറിഗോൺ: അമേരിക്കയിലെ ഒറിഗോണിലെ റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയർ ബ്രൂസ് കാമ്പൽ തീർത്തും വ്യത്യസ്തമായ ഒരു വീടാണ് സ്വന്തമാക്കിയത്. പഴയൊരു ബോയിംഗ് 727 വാങ്ങി അതിനെ വീടാക്കി മാറ്റി ഈ 64 കാരൻ . ഒറിഗോണിലെ ഹിൽസ്ബോറോയിലെ കാടുകളിൽ നാൽപ്പത് വർഷം മുൻപ് 23,000 ഡോളർ നൽകി 10 ഏക്കർ സ്ഥലം വാങ്ങിയിരുന്നു ഇദ്ദേഹം. ആ പത്തേക്കർ കാടിനു നടുവിൽ പഴയ വിമാനത്തെ എത്തിച്ച് സ്ഥാപിച്ചു , ചെറിയ ചില ഇൻറീരിയർ പരിപാടികൾ കഴിഞ്ഞപ്പോൾ മനോഹരമായ വീട് തയ്യാർ.
ചെറുപ്പകാലം മുതൽ, പഴയ വസ്‌തുക്കളുമായി ഇടപഴകുന്നതിനും പുതിയവ സൃഷ്ടിക്കുന്നതിനും തൽപരനായിരുന്നു കാമ്പൽ. ആ താൽപര്യമാണ് വിമാനത്തെ വീടാക്കി മാറ്റിയതിനു പിന്നിൽ.
1999 ലാണ് ഒളിമ്പിക് എയർവേസിൽ നിന്ന് ബോയിംഗ് 727 വിമാനം ഒരു ലക്ഷം ഡോളറിന് ക്യാമ്പ്ബെൽ വാങ്ങിയത്. പറക്കാത്ത വിമാനം കാട്ടിൽ എത്തിക്കാനുള്ള ഗതാഗതച്ചെലവ് ഉൾപ്പടെ ഏകദേശം 220,000 ഡോളർ ക്യാമ്പൽ ചെലവിട്ടു.

