ജലജീവന്‍ മിഷന് പദ്ധതിക്ക് തുടക്കം
കോഴിക്കോട് : സംസ്ഥാനത്ത് 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന് നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗാര്‍ഹിക കണക്ഷനുകള്‍ നല്കുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികള്‍ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാര്‍ഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 716 പഞ്ചായത്തുകളില്‍ 4343 കോടിയുടെ പദ്ധതികള്‍ക്കാണ് ജലജീവന്‍ മിഷനിലൂടെ ഭരണാനുമതി നല്‍കിയിട്ടുള്ളത്. 564 പദ്ധതികളാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. നിലവിലുള്ള ശുദ്ധജല പദ്ധതിയുടെ ശേഷി വര്‍ധിപ്പിച്ചും, ചില പദ്ധതികള്‍ ദീര്‍ഘിപ്പിച്ചും, ചിലതിന്റെ സ്രോതസ് ശക്തിപ്പെടുത്തിയുമാണ് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നത്.
പദ്ധതിയുടെ രണ്ടാംഘട്ടം 586 വില്ലേജുകളില്‍ 380 പഞ്ചായത്തുകളിലും, 23 ബ്ളോക്ക് പഞ്ചായത്തുകളിലും മുഴുവന്‍ വീടുകളിലും കണക്ഷന് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം എത്രയും പെട്ടെന്ന് ലഭിക്കാനാണ് അവര്‍ക്ക് മുന്‍തൂക്കമുള്ള ചില വില്ലേജുകളെ ആദ്യഘട്ട പദ്ധതിയില്‍തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും ഏതുസമയത്തും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാന്‍ സാധിക്കുന്ന വിധം സുതാര്യവും സമയബന്ധിതവുമായാണ് ഈ പദ്ധതി നടപ്പാക്കുക. കേരള വാട്ടര്‍ അതോറിറ്റിയും ജലനിധിയുമാണ് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികളായി പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്തുതലം മുതല്‍ സംസ്ഥാനതലം വരെ സമിതികള്‍ രൂപീകരിച്ചുകൊണ്ടാണ് കേന്ദ്രസഹായം കൂടി പ്രയോജനപ്പെടുത്തി ഈ പദ്ധതി നടപ്പാക്കുന്നത്. ജലജീവന്‍ മിഷന്റെ ഭാഗമായി ഗാര്‍ഹിക കണക്ഷനുകള്‍ നല്കുന്ന പദ്ധതിക്ക് പുറമേ, 4351 കോടി രൂപയുടെ 69 കുടിവെള്ള പദ്ധതികള്‍ കിഫ്ബിയിലൂടെയും സംസ്ഥാനത്ത് യാഥാര്‍ഥ്യമായി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമീണ മേഖലയിലെ വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനുള്ള ജല ജീവന് മിഷന് പദ്ധതിയുടെ നാദാപുരം മണ്ഡലതല ഉല്‍ഘാടനം ഇ.കെ.വിജയന് എം.എല്‍.എ. നിര്‍വ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സി.എച്ച് . ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തില്‍ 100.18 കോടി രൂപ ചെലവില്‍ 26,084 പുതിയ കണക്ഷനുകള്‍ ഒന്നാം ഘട്ടത്തില്‍ നല്‍കും. കേന്ദ്ര സര്‍ക്കാര്‍ 45% സംസ്ഥാന സര്‍ക്കാര്‍ 30 % തദ്ദേശ സ്വയം ഭരണ വകുപ്പ് 15% ഗുണഭോക്താക്കള്‍ 10% വീതം തുക അടക്കണം. നാദാപുരം പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ.സഫീറ, പഞ്ചായത്ത് പ്രെസിഡണ്ടുമാരായ ടി.കെ. അരവിന്ദാക്ഷന് , തൊടുവയല്‍ മുഹമ്മൂദ്, എം. സുമതി, ഒ.സി. ജയന് , സി.വി.കുഞ്ഞികൃഷ്ണന് , സി.കെ. റീന, എന്‍.വി റജുലാല് പങ്കെടുത്തു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8442/Jal-jeevan-mission-kozhikkode-.html

