ലക്നൗ: ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനെതിരെ ആരോപണവുമായി പ്രധാന പ്രതിയുടെ കത്ത്. പ്രതിയായ സന്ദീപ് എന്നയാളാണ് ജയിൽ മേധാവിക്ക് കത്തെഴുതിയത്. താനും പെൺകുട്ടിയും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നും ഇതിൻ്റെ പേരിൽ സഹോദരൻ പെൺകുട്ടിയെ മർദ്ദിക്കാറുണ്ടായിരുന്നെന്നും പ്രതി കത്തിൽ പറയുന്നു. സംഭവ ദിവസം വയലിൽ വച്ച് കണ്ടു മുട്ടാനായി താനവളെ വിളിച്ചിരുന്നു, അമ്മയും സഹോദരനും തൻ്റെ കൂടെയുണ്ടെന്ന മറുപടിയാണ് അവൾ പറഞ്ഞത്. അതു കേട്ട ശേഷം താൻ വീട്ടിലേക്ക് മടങ്ങി’ സന്ദീപ് പറയുന്നു.
ഹാത്രാസിലേത് മാനം കാക്കൽ കൊലപാതകമാണെന്ന ആരോപണവുമായി ചില ബി ജെ പി നേതാക്കൾ രംഗത്തു വന്നിരുന്നു .ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാന പ്രതി ജയിൽ മേധാവിക്ക് കത്തെഴുതിയിരിക്കുന്നത്. കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
എന്നാൽ കത്തിൽ പറഞ്ഞ ആരോപണങ്ങളെ തളളി പെൺകുട്ടിയുടെ കുടുംബം രംഗത്തു വന്നു. പ്രതികളെ രക്ഷിക്കാൻ ജയിലിൽ നിന്നു പോലും കഥയുണ്ടാക്കുകയാണെന്നും , പെൺകുട്ടിയ്ക്ക് നീതി കിട്ടും വരെ തങ്ങൾ മുന്നോട്ടു പോകുമെന്നും കുടുംബാംഗങ്ങൾ പറയുന്നു.
“ഞങ്ങളുടെ മകളെ കൊല്ലുകയും കത്തിച്ചുകളയുകയും ചെയ്തിരിക്കുന്നു, കഥകൾ മെനയാതെ ദയവായി ഞങ്ങളെയും കൊന്നു കളയുക ” പെൺകുട്ടിയുടെ അടുത്ത ബന്ധു പറഞ്ഞു.
ബലാൽസംഗം നടന്നിട്ടില്ല എന്നാണ് ഫോറൻസിക് റിപ്പോർടിനെ അടിസ്ഥാനമാക്കി പൊലീസ് പറയുന്നത്. എന്നാൽ ബലാൽസംഗം നടന്നിട്ടുണ്ട് എന്നായിരുന്നു മെഡിക്കോ ലീഗൽ റിപ്പോര്‍ട്ട്.

