സ്‌റ്റോക്ക് ഹോം: സാഹിത്യത്തിനുള്ള 2020ലെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന്. വ്യക്തിത്വത്തിൻ്റെ തീക്ഷ്ണ സൗന്ദര്യം, സുവ്യക്തമായ കാവ്യാത്മക ശബ്ദവുമാണ് ലൂയിസ് ഗ്ലക്കിന് പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് നൊബേല്‍ പ്രഖ്യാപിച്ചുകൊണ്ട് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി.യേല്‍ യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് അധ്യാപികയാണ് 77-കാരിയായ ലൂയിസ് ഗ്ലക്ക്.
വ്യക്തിപരമായ അനുഭവങ്ങളുടെ ആഴമുള്ള കവിതകളാണ് ലൂയിസ് ഗ്ലക്കിന്റേതെന്ന് സാഹിത്യ ആസ്വാദകർ വിലയിരുത്തിയിട്ടുണ്ട്. പ്രകൃതി, മിത്തുകള്‍, ചരിത്രം തുടങ്ങിയവയിലൂടെ മാനസിക വ്യാപാരങ്ങളെ ആവിഷ്കരിക്കുന്ന വൈകാരിക തീവ്രതയാര്‍ന്ന കവിതകളാണ് അവരുടേത് എന്ന് നിരൂപകർ പറയുന്നു..
1943ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ലൂയിസ് ഗ്ലക്ക് നിലവില്‍ കേംബ്രിഡ്ജിലാണ് താമസിക്കുന്നത്. 1968ല്‍ പുറത്തിറങ്ങിയ ‘ഫസ്റ്റ്‌ബോണ്‍’ ആണ് ആദ്യകൃതി. പുലിസ്റ്റര്‍ പ്രൈസ്(1993), നാഷണല്‍ ബുക്ക് അവാര്‍ഡ് (2014) തുടങ്ങി നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ‘ദി ട്രയംഫ് ഓഫ് അകിലസ്’, ‘ദി വൈല്‍ഡ് ഐറിസ്’ തുടങ്ങിയവ പ്രധാന കൃതികളാണ്.

