സ്റ്റോക്ക്ഹോം: 2020 ലെ രസതന്ത്ര നോബേല്‍ ജീന്‍ എഡിറ്റിംഗിന് പുതിയ മാര്‍ഗം കണ്ടെത്തിയ രണ്ട് വനിതകള്‍ക്ക്. ഫ്രഞ്ച് ഗവേഷക ഇമ്മാനുവെല്ലേ ചാര്പ്പെന്റിയെറും, അമേരിക്കന്‍ ബയോ കെമിസ്റ്റ് ജെന്നിഫര്‍ എ ഡൗഡ്നയുമാണ് നോബേല്‍ പുരസ്കാരത്തിന് അർഹരായത്. കമ്പ്യൂട്ടര്‍ സോഫ്ട്വേര്‍ പോലെ പ്രോഗ്രാം ചെയ്ത് ജീന്‍ എഡിറ്റിങ് നടത്താന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയവരാണ് ഇവർ.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് സെക്രട്ടറി ജനറല്‍ ഗോറന്‍ ഹന്സണ് ആണ് ബുധനാഴ്ച 07-10- 2020 ലെ രസതന്ത്ര നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചത്. 10 ദശലക്ഷം സ്വീഡിഷ് ക്രോണ (8.2കോടി രൂപ) യാണ് പുരസ്കാരത്തുക.
കോടിക്കണക്കിന് രാസാക്ഷരങ്ങളടങ്ങിയ ഡി എന്‍ എ തന്മാത്രകളില് കൃത്യമായ തിരുത്തലുകളും മുറിച്ചുമാറ്റലും കൂട്ടിച്ചേര്‍ക്കലും സാധ്യമാക്കുന്ന ‘ക്രിസ്പെര്‍/കാസ്9’ (CRISPR/Cas9) ജീന്‍ എഡിറ്റിങ് വിദ്യയാണ് ഇരുവരും വികസിപ്പിച്ചത്.
ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോര്‍ സയന്‍സ് ഓഫ് പാത്തോജന്‍സ് ഡയറക്ടറാണ് ഇമ്മാനുവെല്ലേ, ബെര്‍ക്കിലി സര്‍വകലാശാലയില്‍ പ്രഫസറാണ് ജെന്നിഫര്‍ എ ഡൗഡ്ന

