കോട്ടയം: കുമരകം ബാറിലെ ജീവനക്കാരനും വൈക്കം കുടവെച്ചൂര്‍ സ്വദേശിയുമായ ജിഷ്ണുവിന്റേതു തന്നെയാണ് നേരത്തെ ലഭിച്ച മൃതദേഹ അവശിഷ്ടമെന്ന് ഡിഎന്‍എ പരിശോധനാഫലം.
തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നല്‍കിയ സാംപിളിന്റെ പരിശോധനാഫലം 06-10-2020, ചൊവ്വാഴ്ച ലഭിച്ചെന്നു ചങ്ങനാശേരി ഡിവൈഎസ്പി സി.ജെ. ജോഫി പറഞ്ഞു.
23 കാരനായ ജിഷ്ണുവിൻ്റെ തിരോധാനം സംശയാസ്പദമായിരുന്നു. 3-6-2020 നാണ് കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണുവിനെ കാണാതായത്
നാലുമാസം മുമ്പ് മറിയപ്പള്ളിക്കു സമീപം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് മൃതദേഹ അശിഷ്ടങ്ങള്‍ ലഭിച്ചത്. ഇതോടൊപ്പം ഉണ്ടായിരുന്ന ഷര്‍ട്ടിന്റെ അവശിഷ്ടങ്ങള്‍, ജീന്‍സ്, അടിവസ്ത്രം, ബെല്‍റ്റ്, ചെരിപ്പ്, മൊബൈല്‍ ഫോണുകള്‍ എന്നിവ ജിഷ്ണുവിന്റെ ബന്ധുക്കള്‍ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
കാണാതായ ദിവസം കുമരകം ചക്രംപടിയില്‍ ബസിറങ്ങിയ ജിഷ്ണു മറ്റൊരു ബസില്‍ കോട്ടയത്തേക്ക് പോയെന്നാണ് വിവരം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും പോലിസ് ശേഖരിച്ചിരുന്നു. ബസിലിരുന്ന് ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു.
തിരോധാനം സംശയാസ്പദമായി തുടരുന്നതിനിടെയാണ് പൊലീസ് ജിഷ്ണുവിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെടുത്തത്. ഇത് പിന്നീട് ജിഷ്ണുവിൻ്റേതല്ല എന്നും ആക്ഷേപമുണ്ടായി. തുടർന്നാണ് ഡി.എൻ.എ പരിശോധനയിലൂടെ വ്യക്തത ലഭിച്ചത്.