പാക്കിസ്ഥാൻ്റെ കൊടും ക്രൂരതകൾ വിവരിച്ച് ബലൂച് വംശജർ, നൂറുകണക്കിനു പേരെ കൂട്ടത്തോടെ കുഴിച്ചുമൂടിയതായും ആരോപണം

ടൊറൻ്റോ: ബലൂച് വംശജർക്കെതിരായി പാക് ഭരണകൂടം നടത്തുന്ന കൊടും ക്രൂരതകൾ തുറന്നു കാട്ടാൻ യൂറോപ്പിലും അമേരിക്കയിലും മറ്റ് ലോകരാജ്യങ്ങളിലും പ്രതിരോധ കൂട്ടായ്മകൾ സംഘടിപ്പിക്കുകയാണ് ബലൂച് വംശജർ. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ടൊറൻ്റോയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സിന്ധ് വംശജരുടെ അവകാശങ്ങൾക്കായി പോരാടുന്ന സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

ബലൂച് യുവാക്കളെ തട്ടിക്കൊണ്ടുപോകുന്നതും കൊലപാതകവും തടയണമെന്ന് ഇസ്ലാമാബാദിനോട് ആവശ്യപ്പെടുന്ന പ്രകടനങ്ങളാണ് വിവിധ നഗരങ്ങളിൽ നടന്നത്. പ്രതിഷേധക്കാർ പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി.

ഈ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ മാത്രമായി ഡസൻ കണക്കിന് ബലൂച് യുവാക്കളെയും പ്രവർത്തകരെയും നേതാക്കളെയും പാക്കിസ്ഥാൻ ഉന്മൂലനം ചെയ്തതായി പ്രതിഷേധക്കാർ പറയുന്നു . പാക്കിസ്ഥാൻ്റെ ക്രൂരത കാലത്തിനനുസരിച്ച് വളരുകയാണെന്നും ഇത് മുഴുവൻ സമുദായങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും കാനഡയിലെ വേൾഡ് സിന്ധി കമ്മ്യൂണിറ്റിയിലെ ഓർഗ്‌സർ ഹജൻ കൽഹോറോ പറഞ്ഞു.

“ആയിരക്കണക്കിന് ബലൂചികളെയും സിന്ധികളെയും തട്ടിക്കൊണ്ടുപോയി, ആയിരക്കണക്കിന് ആളുകളെ നിയമവിരുദ്ധമായി പീഡിപ്പിക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. നൂറുകണക്കിന് ബലൂച് ജനങ്ങളെ കൂട്ടമായി ശവക്കുഴികളിൽ വലിച്ചെറിഞ്ഞിട്ടുണ്ട്, ആരാണ് ഇത് ചെയ്യുന്നതെന്ന് പാകിസ്ഥാനിലെയും ലോകത്തിലെയും എല്ലാവർക്കും അറിയാം. എന്നിട്ടും ക്രൂരത തുടർന്നു കൊണ്ടേയിരിക്കുന്നു.” കൽഹോറോ പറയുന്നു.

‘ പാക്കിസ്ഥാൻ വർഷങ്ങളായി തങ്ങളുടെ മേഖല ചൂഷണം ചെയ്യുകയാണ്.
സി‌പി‌ഇ‌സി (ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോർ) നായി ചൈന ഈ മേഖലയിലേക്ക് പ്രവേശിച്ചതുമുതൽ പാകിസ്ഥാൻ്റെ വ്യാവസായിക ദൗത്യങ്ങൾ മേഖലയിൽ ശക്തമാക്കിയിട്ടുണ്ടെന്നാണ് ബലൂച് ജനത പറയുന്നത്. തങ്ങളുടെ വിഭവങ്ങൾ കൊള്ളയടിക്കുന്നതിൽ ചൈനയും പാക്കിസ്ഥാനും കൈകോർത്തതായും അവർ ആരോപിക്കുന്നു. ചൂഷണത്തിനെതിരായി ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുന്നവരെ പാകിസ്ഥാൻ ക്രൂരമായി വേട്ടയാടുകയാണെന്നും ബലൂച് വംശജർ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →