കൊല്ലം : വീട്ടിലെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മകളെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കലയപുരം പെരുങ്കുളം മുറിയിലെ റേഷന്‍കടമുക്കില്‍, മുകളിലഴികത്ത് വീട്ടില്‍ സുകുമാരപിള്ളയാണ് (57) അറസ്റ്റിലായത്.
മോഷണം ആരോപിച്ച് ഇയാൾ 19 വയസുളള മകളെ കമ്പിവടി കൊണ്ട് മർദ്ദിക്കുകയും പെണ്‍കുട്ടിയുടെ തലയ്ക്കടിച്ച് പരിക്കേൽപിക്കുകയുമായിരുന്നു. എന്നാൽ പിന്നീട് മൊബൈൽ ഫോൺ വീട്ടില്‍ നിന്നു തന്നെ കണ്ടെടുത്തു.
ഇയാൾ സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറഞ്ഞു. കോടതി ജീവനക്കാരനായിരുന്ന സുകുമാരൻ പിള്ള വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍ ഒരു വിഹിതം മറ്റ് ജീവനക്കാര്‍ ഇടപെട്ട് ഭാര്യയുടെയും മകളുടെയും പേരില്‍ നിക്ഷേപിപ്പിച്ചിരുന്നു. സുകുമാരപിള്ളയുടെ മദ്യപാനശീലം കണക്കിലെടുത്തായിരുന്നു പണം നിക്ഷേപമാക്കി ഇടാൻ പ്രേരിപ്പിച്ചത്.
ഇതിൽ ഇയാൾക്ക് വൈരാഗ്യം ഉണ്ടെന്നാണ് വിവരം. ഇതോടെ മദ്യപിച്ചെത്തി ഇക്കാര്യം പറഞ്ഞ് വഴക്കുണ്ടാക്കുന്നത് പതിവായി തീർന്നു. അതിനിടെയാണ് മൊബൈല്‍ കാണാനില്ലെന്ന് പറഞ്ഞു മകളെ ക്രൂരമായി മര്‍ദ്ദിച്ചത്.
കൊട്ടാരക്കര പോലീസാണ് സുകുമാരൻ പിള്ളയെ അറസ്റ്റ് ചെയ്തത്. പ്രതി നിരന്തരം മകളെയും ഭാര്യയേയും ഉപദ്രവിക്കുന്നയാൾ ആണെന്നും പോലിസ് വ്യക്തമാക്കി.

