സ്വർണക്കടത്ത്, ഫൈസൽ ഫരീദും റബിൻസും യു എ ഇ യിൽ അറസ്റ്റിലായെന്ന് എൻ ഐ എ

ന്യൂഡൽഹി: നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ പ്രതികളായ ഫൈസൽ ഫരീദും റബിൻസും ദുബായിൽ അറസ്റ്റിലായെന്ന് ദേശീയ അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. കേസിലെ മൂന്നാം പ്രതിയാണ് തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ്.

നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിൻസ്.
യുഎഇ ഭരണകൂടമാണ് ഇവരെ അറസ്റ്റു ചെയ്തത്. ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചു. മുഹമ്മദ് ഷാഫിയും റമീസുമാണ് സ്വർണക്കടത്തു കേസിലെ പ്രധാന ആസൂത്രകരെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.

ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണു പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. ഇയാളുടെ തൃശൂരിലെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →