കാലിഫോർണിയ: കാട്ടുതീയിൽ പൊള്ളലേൽക്കുകയും ഒറ്റപ്പെട്ടുപോവുകയും ചെയ്ത ഒരു കുഞ്ഞു സിംഹക്കുട്ടിയെ രക്ഷാപ്രവർത്തകർ ഒടുവിൽ നാട്ടിലെത്തിച്ചു. ഒരു മാസം മാത്രം പ്രായം തോന്നുന്ന മൗണ്ടേൻ ലയൺ കുഞ്ഞാണ് കാലിഫോർണിയയിലെ തീ പടർന്ന കുന്നിൽ ചരിവിൽ നിന്നും രക്ഷാപ്രവർത്തകരുടെ കയ്യിലെത്തിയത്. നിലവിൽ ഓക്ലാൻ്റ് മൃഗശാലാ അധികൃതരുടെ പരിചരണത്തിലാണ് സിംഹക്കുട്ടിയുള്ളത്. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണെന്ന് ഡോക്റ്റർമാർ പറയുന്നു. ‘ക്യാപ്റ്റൻ കാൾ ‘ എന്ന പേരും മൃഗശാലക്കാർ സിംഹക്കുട്ടിക്ക് നൽകിക്കഴിഞ്ഞു.
കാലിഫോർണിയയിൽ ശമനമില്ലാതെ തുടരുന്ന കാട്ടുതീയിൽ ലക്ഷക്കണക്കിന്മ ഏക്കർ വനഭൂമിയാണ് ഇതുവരെ കത്തി നശിച്ചത്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് വീശുന്നതിനാൽ നാപാ മലനിരകളിലും സോനോമാ കൗണ്ടിയിലും കാട്ടുതീ പടരുകയാണ്. 28000 വീടുകളും മറ്റ് സ്ഥാപനങ്ങളും അപകട മേഖലയിലാണെന്നാണ് സേനാ വിഭാഗം പറയുന്നത്. 80,000 പേരോടാണ് സ്ഥലത്തുനിന്നും മാറാൻ നിർദ്ദേശിച്ചിട്ടുള്ളത്.