പ്രതീക്ഷിക്കുന്നത് 900 കോടി രൂപ ചെലവ്
തിരുവനന്തപുരം: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കല്ലാടി – മേപ്പാടി തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിച്ചു. 900 കോടി രൂപയാണ് നിലവില്‍ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 658 കോടി രൂപയ്ക്ക് ഭരണാനുമതിയായി. സര്‍വേയും, സാങ്കേതിക പഠനവും പൂര്‍ത്തിയായാല്‍ മാത്രമേ അന്തിമ ചെലവ് കണക്കാക്കാനാവൂ. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വനഭൂമിക്ക് അടിയിലൂടെ, പാറ തുരന്ന് ഏഴ് കിലോമീറ്റര്‍ നീളത്തിലാണ് തുരങ്കം നിര്‍മിക്കുന്നത്. ഈ മേഖലയില്‍ ദീര്‍ഘകാലത്തെ പ്രവൃത്തി പരിചയവും സാങ്കേതിക വൈദഗ്ധ്യവുമുള്ള കൊങ്കണ്‍ റെയില്‍വേയ്ക്കാണ് പദ്ധതി നടത്തിപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. തുരങ്കപാതയുടെ സാങ്കേതിക പഠനം ആരംഭിച്ചു. കോഴിക്കോട് – വയനാട് വനമേഖലയിലെ റോഡിന്റെ സൗകര്യവും പരിസ്ഥിതിലോല പ്രദേശം ഉയര്‍ത്തുന്ന വെല്ലുവിളികളും തിരുവമ്പാടി കല്ലാടി മേഖലയിലെ പ്രകൃതി ദുരന്ത സാധ്യതകളും പരിഗണിച്ചാവും അന്തിമ രൂപരേഖ തയ്യാറാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതോടെ കര്‍ണാടകയില്‍ നിന്ന് മലബാര്‍ മേഖലയിലേക്കുള്ള ചരക്കുനീക്കം സുഗമമാവും. മലബാറിന്റെയാകെ വികസനകുതിപ്പിന് ഇത് ആക്കം കൂട്ടും. താമരശേരി ചുരത്തിലെ വാഹന ബാഹുല്യം കുറയ്ക്കാനാവുമെന്ന പ്രത്യേകതയുമുണ്ട്. ചുരത്തിന്റെ തനിമ നിലനിര്‍ത്താനും സംരക്ഷണം ഉറപ്പുവരുത്താനും സാധിക്കും.
പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് വികസനം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. പല പദ്ധതികളും പരിസ്ഥിതിയുടെ പേരിലുള്ള എതിര്‍പ്പു കാരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. അനാവശ്യ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കീഴടങ്ങാന്‍ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍ ആവശ്യമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.
കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് പാത നിര്‍മിക്കുന്നതിന് നേരത്തെ നിരവധി ബദല്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സമാന്തരമായി മറ്റൊരു പാത നിര്‍മിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. എന്നാല്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ കാരണം അത് ഉപേക്ഷിച്ചു. താമരശേരി ചുരം വഴിയുള്ള യാത്ര വലിയ സമയനഷ്ടം ഉണ്ടാക്കിയിരുന്നു. കാലവര്‍ഷം, മണ്ണിടിച്ചില്‍, റോഡിലെ മറ്റു തടസങ്ങള്‍ എന്നിവ കാരണം ദിവസങ്ങളോളവും മാസങ്ങളോളവും ഗതാഗതം നിലച്ച അവസ്ഥയുണ്ടായിട്ടുണ്ട്. വനമേഖലയിലൂടെയുള്ള റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പരിമിതിയുണ്ടാക്കി. തുരങ്കപാത വരുന്നതോടെ ഇതിനെല്ലാം പരിഹാരമാവുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8356/Wayanad-Tunnel.html