തിരുവനന്തപുരം : നഗരസഭയിലെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനവും പാളയം എ ബ്‌ളോക്കില്‍ പുതിയതായി നിര്‍മിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനവും ഇന്റഗ്രേറ്റഡ് കമാന്റ് കണ്‍ട്രോള്‍ സെന്ററും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്തു.
നഗരങ്ങളുടെ അടിസ്ഥാന സൗകര്യം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനങ്ങള്‍ ഒരുക്കുന്നത്.
5.64 കോടി രൂപ ചെലവഴിച്ച് ഏഴു നിലകളിലാണ് നഗരസഭ അങ്കണത്തിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 102 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്. പാളയം മാര്‍ക്കറ്റ് നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടെ കൂടുതല്‍ പേര്‍ എത്തുമെന്നും അപ്പോള്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയതായി നിര്‍മിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. പാളയം സാഫല്യം കോംപഌ്‌സിനു പിന്നില്‍ 32.99 കോടി രൂപ ചെലവഴിച്ചാണ് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നത്. 15 മാസത്തില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരത്തിലെ വിവിധ സംവിധാനങ്ങളെ ഏകോപിപ്പിക്കാനും പ്രളയം പോലെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാനും പുതിയതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് കമാന്റ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1.37 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്‍പത് മാസം കൊണ്ട് പണി പൂര്‍ത്തിയാകും.
സംസ്ഥാനത്തെ നഗര, ഗ്രാമ വ്യത്യാസമില്ലാതെയാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സംസ്ഥാന ജലപാത, അതിവേഗ റെയില്‍പാത എന്നിവ യാഥാര്‍ത്ഥ്യമാകാനിരിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസം, ആരോഗ്യ സേവനം, ഗതാഗത സൗകര്യം, വ്യവസായ സംരംഭം, ഐ. ടി അധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയില്‍ വലിയ മുന്നേറ്റം സാധ്യമായി. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകുന്നത് പൊതുജന താത്പര്യം ഉള്‍ക്കൊണ്ട് പദ്ധതി നടപ്പാക്കുമ്പോഴാണ്. തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ വലിയ ജനപങ്കാളിത്തം കൊണ്ടുവരാന്‍ ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8357/Multi-level-parking.html