ലക്നൗ: ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ഭീം ആര്‍മി, സമാജ് വാദി പാര്‍ട്ടി നേതാക്കള്‍. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും യുപി പോലിസ് തടഞ്ഞിരുന്നു. ഇതിന് ശേഷം ഇന്നലെയാണ് രാഷ്ട്രീയ ലോക്ദള്‍ നേതാവായ ജയന്ത് ചൗധരി, ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്, സമാജ് വാദി നേതാക്കള്‍ എന്നിവര്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി കൂടികാഴ്ച നടത്തിയത്. പെണ്‍കുട്ടിയുടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷ നല്‍കണം. അല്ലെങ്കില്‍ ഞാന്‍ അവരെ എന്റെ വീട്ടിലേക്ക് കൊണ്ടുപോവും. അവര്‍ ഇവിടെ സുരക്ഷിതരല്ല. വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. ചന്ദ്രശേഖര്‍ ആസാദില്‍ വിശ്വാസമുണ്ടെന്നും പെണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും കുടുംബം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പിന്നാലെയാണ് ചന്ദ്രശേഖര്‍ ആസാദും സംഘവും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.
അതേസമയം, ഗ്രാമത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കെ ഇരയുടെ കുടുംബം താമസിക്കുന്ന വീടിനു വെറും ആറ് കിലോമീറ്റര്‍ അകലെ സവര്‍ണര്‍ യോഗം ചേര്‍ന്നു. ഠാക്കൂര്‍, ബ്രാഹ്മണ് സമുദായത്തില്‍ പെട്ടവരാണ് യോഗത്തില്‍ പങ്കെടുത്തത്. സായുധരായ പോലിസ് സേനയുടെ സംരക്ഷണത്തിലായിരുന്നു യോഗം. യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ബലാല്‍സംഗം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് റിപോര്‍ട്ടില്‍ വ്യക്തമായതായും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സവര്‍ണരുടെ കൂട്ടായ്മയ്ക്കു പിന്നില്‍ ബിജെപി നേതാവാണെന്നും റിപോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പ്രതികളിലൊരാളുടെ കുടുംബം ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് ബിജെപി നേതാവ് രാജ്വീര് സിങ് പെഹെല്‍വാന്റെ വീട്ടില്‍ യോഗം ചേര്‍ന്നതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കസേരകളെല്ലാം നിരത്തി പൊതുയോഗത്തിന്റെ മാതൃകയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് യോഗം ചേര്‍ന്നത്. അറസ്റ്റിലായ നാലുപേരെ വ്യാജമായാണ് കേസില്‍ പെടുത്തിയതെന്നും ഇവര്‍ക്ക് നീതി വേണമെന്നുമാണ് യോഗത്തില്‍ ഉന്നയിച്ച ആവശ്യം. യോഗത്തെ കുറിച്ച് അറിയില്ലെന്ന് ജോയിന്റ് മജിസ്ട്രേറ്റ് പ്രേം പ്രകാശ് മീണ പറഞ്ഞു. ഇരയുടെ കുടുംബത്തിനു മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നു രാഷ്ട്രീയ നേതാക്കള്‍ക്ക് അഞ്ചുപേരടങ്ങുന്ന സംഘമായി കുടുംബത്തെ കാണാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യോഗത്തെ കുറിച്ച് ഞങ്ങള്‍ പോലിസിനെ അറിയിച്ചിട്ടുണ്ടെന്നും യുവതിയുടെ കുടുംബത്തിനെതിരേ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും സവര്‍ണ കൂട്ടായ്മയുടെ സംഘാടകരിലൊരാളായ മന്‍വീര്‍ സിങ് പറഞ്ഞു.

