17,000 കിലോഗ്രാം ഈന്തപ്പഴത്തിൽ സ്കൂളുകളിൽ വിതരണം ചെയ്തത് 9,500 കിലോഗ്രാം. സാമൂഹ്യനീതി വകുപ്പ് കസ്റ്റംസിന് കണക്കു നൽകി

തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽനിന്നും എത്തിച്ച 17,000 കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തതിൻ്റെ കണക്ക് സാമൂഹികനിതീ വകുപ്പ് കസ്റ്റംസിന് കൈമാറി. കസ്റ്റംസിൻ്റെ ആവശ്യപ്രകാരമാണ് നടപടി. ഈന്തപ്പഴ വിതരണം മുടങ്ങിയെന്നും സാമൂഹിക നീതിവകുപ്പ് കസ്റ്റംസിന് വിവരം നൽകി.

കണക്കനുസരിച്ച് 17000 കിലോ ഈന്തപ്പഴത്തിൽ സാമൂഹികനീതിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിതരണം ചെയ്തത് 9,500 കിലോഗ്രാമാണ്. അനാഥാലയങ്ങൾ, ബഡ്‌സ് സ്കൂളുകൾ എന്നിവിടങ്ങളിലാണ് വിതരണം നടത്തിയത്. കോൺസുലേറ്റിൻ്റെ പദ്ധതി പ്രകാരമാണ് സാമൂഹികനീതിവകുപ്പിന് കീഴിലുള്ള സ്കൂളുകളിൽ സൗജന്യമായി ഈന്തപ്പഴം നൽകാൻ തീരുമാനിച്ചത്.

ഇതിനു പുറമേ രേഖകൾ പ്രകാരം 7,500 കിലോ ഈന്തപ്പഴം കൂടി കോൺസുലേറ്റിൽ എത്തിയിട്ടുണ്ട്. ഇതിൻ്റെ വിതരണവും കണ്ടെത്തേണ്ടതുണ്ട്. ചില മതസ്ഥാപനങ്ങളിലും കോൺസുലേറ്റിൽനിന്നും ഈന്തപ്പഴം നൽകി എന്നാണ് വിവരം. ഇക്കാര്യവും കസ്റ്റംസ് അന്വേഷിക്കും. കോൺസുലേറ്റിലേക്ക് വന്ന പാഴ്‌സലിൽ 30 കിലോ സ്വർണം കണ്ടെത്തിയതിനെത്തുടർന്നാണ് മുൻകാല പാഴ്‌സലുകളെക്കുറിച്ചും കസ്റ്റംസ് അന്വേഷണം നടത്തുന്നത്. പാഴ്സലുകളിൽ ഈന്തപ്പഴം തന്നെയാണോ എത്തിയത്. അത് കൃത്യമായി വിതരണം നടത്തിയോ എന്ന് അന്വേഷിച്ച് ഇക്കാര്യത്തിൽ ഉറപ്പുവരുത്താനാണ് കസ്റ്റംസിൻ്റെ നീക്കം.

സ്കൂളുകളിൽ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗം എന്ന നിലയ്ക്ക് 2017-നുശേഷമാണ് 17,000 കിലോഗ്രാം ഈന്തപ്പഴം യു എ ഇ കോൺസുലേറ്റ് വിദേശത്തുനിന്ന്‌ എത്തിച്ചത്. തിരുവനന്തപുരം കവടിയാർ ഭാഗത്ത് കോൺസുലേറ്റ് ജനറലറിന്റെ പേരിൽ വാടകയ്ക്കെടുത്ത വീട്ടിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇതിൻ്റെ കൃത്യമായ കണക്ക് ലഭിച്ചാൽ മാത്രമേ ഈന്തപ്പഴം പാഴ്സലുകളിലൂടെ സ്വർണക്കടത്ത് നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്താൻ കഴിയൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →