ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട നാല് കശ്മീരി യുവാക്കള്‍ പിടിയില്‍. കശ്മീരി സ്വദേശികളായ അല്‍ത്താഫ് അഹമ്മദ് ദര്‍, മജീദ് കോക്ക, മുസ്താഖ് അഹമ്മദ് ഗനി, അഖ്വിബ് സാഫി എന്നിവരാണ് ഡല്‍ഹി പോലീസ് പ്രത്യേക സെല്ലിന്റെ പിടിയിലായത്.ജിഹാദി സംഘടനയായ അന്‍സാര്‍ ഗജ്വത് അല്‍ ഹിന്ദിലെ അംഗങ്ങളാണ് നാല് പേരുമെന്നാണ് വിവരം. നാല് പേരും ചേര്‍ന്ന് വന്‍ ഭീകരാക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി കശ്മീരില്‍ നിന്നും ഒരു സംഘം യുവാക്കള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ആക്രമണത്തിനായി കരുതിയിരുന്ന സ്ഫോടക വസ്തുക്കളും, ആയുധങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

