ന്യൂഡല്‍ഹി: ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചു സിനിമ തിയറ്ററുകളും പ്രവര്‍ത്തിപ്പിക്കാമെന്ന കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തില്‍ സംസ്ഥാനങ്ങളും അനുമതി നല്‍കണമെന്ന് മള്‍ട്ടി പ്ലക്‌സ് അസോസിയേഷന്‍. തുറക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളാണ് എടുക്കേണ്ടതെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് അസോസിയേഷന്റെ അഭ്യര്‍ത്ഥന.
കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കുക. മാസ്‌ക്ക് ധരിക്കുക, സാമൂഹിക അകലം തുടങ്ങിയ കാര്യങ്ങളും ഉറപ്പാക്കും. തിയറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് അണ്‍ലോക്ക് ഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ ഉടമകള്‍ ആവശ്യപ്പെട്ടുവരുന്നുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി ഉള്‍പ്പടെ അവര്‍ നിവേദനം നല്‍കിയിരുന്നു.

