കൊളംബിയ: രണ്ട് വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തി. 46കാരിയായ അഞ്ചലീക ഗെയ്തരന്‍ എന്ന സ്ത്രീയെ ആണ് മല്‍സ്യ ബന്ധനത്തിനായി പോയവര്‍ രക്ഷപ്പെടുത്തിയത്. പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ കണ്ടെത്തിയത്. വെള്ളത്തില്‍ പൊങ്ങി കിടന്ന അവര്‍ സഹായം തേടുകയായിരുന്നു. റൊണാള്‍ഡ് വിസ്ബല്‍ എന്ന മല്‍സ്യതൊഴിലാളിയാണ് ആദ്യമായി ഇവരെ കാണുന്നത്.തുടര്‍ന്ന് രക്ഷിക്കുകയായിരുന്നു. യുവതിയെ രക്ഷിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഭര്‍ത്താവിന്റെ പീഡനത്തിന് ഇരയായതായും 2018 ല്‍ ഒളിച്ചോടാന്‍ തീരുമാനിച്ചതായും അവര്‍ പറഞ്ഞു. ആദ്യ ഗര്‍ഭകാലത്താണ് അയാള്‍ എന്നെ തല്ലിയത്. രണ്ടാമത്തെ ഗര്‍ഭകാലത്തും ഇത് തുടര്‍ന്നു. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ അവരും സഹായിച്ചില്ല. ഒരിക്കല്‍ ഭര്‍ത്താവിനെ 24 മണിക്കൂര്‍ തടങ്കലില്‍ വച്ച ശേഷം വിട്ടയച്ചു. തുടര്‍ന്ന് അദ്ദേഹം തിരിച്ചെത്തുകയും ആക്രമണങ്ങള്‍ തുടരുകയും ചെയ്തു. 2018 സെപ്റ്റംബറില്‍ ഭര്‍ത്താവ് തന്റെ മുഖം തകര്‍ക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. തന്റെ കുടുംബത്തില്‍ നിന്നുപോലും ഒരു സഹായവും ഉണ്ടായിരുന്നില്ല- ഗെയ്താന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി അമ്മ എവിടെയാണെന്ന് അറിയാതിരുന്ന ഗെയ്തന്റെ മകള്‍ അലജന്ദ്ര കാസ്റ്റിബ്ലാങ്കോയെ പ്രാദേശിക മാധ്യമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

