കോഴിക്കോട്: കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. യോഗ അജണ്ടയെ ചൊല്ലിയുള്ള വാക്കേറ്റമാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജും കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായ പ്രതിപക്ഷ കൗൺസിലർ പി എം നിയാസുമാണ് ഏറ്റുമുട്ടിയത്. നിയാസിന് പരിക്കേറ്റിട്ടുണ്ട്.
ഇവർ തമ്മിലുള്ള തർക്കം മറ്റ് അംഗങ്ങളും ഏറ്റെടുത്തതോടെ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമായി . പ്രതിപക്ഷ അംഗങ്ങൾ യോഗ അജണ്ട കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. സംഘർഷത്തെ തുടർന്ന് യോഗം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മെഡിക്കൽ കോളജ് റസ്റ്റ് ഹൗസ് കെട്ടിടത്തിൽ മൂന്ന് മീറ്റർ നീളത്തിൽ ഷീറ്റിട്ട ഭാഗം തറവാടക നിശ്ചയിച്ച് നൽകാനുള്ള അജണ്ട മാറ്റി വയ്ക്കാൻ ഭരണപക്ഷ അംഗം ആവശ്യപ്പെട്ടതാണ് സംഘർഷത്തിനു കാരണമായത് . തറവാടകയ്ക്ക് സ്ഥലം ആവശ്യപ്പെട്ടത് കോൺഗ്രസ്സ് നേതാവായ കെ സി അബുവിൻ്റെ മരുമകനായതാണ് അജണ്ട മാറ്റിവയ്ക്കാൻ കാരണമായതെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം.

