വയനാട്: വൈത്തിരിയില്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി. പി. ജലീലിനെ ഏറ്റുമുട്ടലിനിടെ കൊലപ്പെടുത്തിയതാണെന്ന പൊലീസ് വാദം പൊളിയുന്നു. ജലീലിൻ്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് .
ജലീലിൻ്റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളിൽ വെടിമരുന്നിൻ്റെ അംശമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. ജലീലിന്റേത് എന്ന് പറഞ്ഞ് പൊലീസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല. ജലീല്‍ വെടിവച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജലീല്‍ വെടിയുതിര്‍ത്തതു കൊണ്ടാണ് തിരിച്ച് വെടിവച്ചെതെന്നായിരുന്നു പൊലീസ് വിശദീകരണം നൽകിയത്.
ജലീലിനെ കൊലപ്പെടുത്തിയ സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ബന്ധുക്കള്‍ ഉള്‍പ്പടെ പലരും അന്ന് തന്നെ ആരോപിച്ചിരുന്നു. ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരുന്നു. ജലീലിൻ്റെ ബന്ധുക്കളുടെ വാദം ശരിവെക്കുന്നതാണ് പരിശോധന ഫലമെന്ന് സഹോദരന്‍ പ്രതികരിച്ചു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്.
കൊല്ലപ്പെട്ട ജലീലിന്റെ സമീപത്തു നിന്ന് കണ്ടെടുത്ത തോക്ക് ഉള്‍പ്പടെ സംഭവസ്ഥലത്തുണ്ടായിരുന്ന തോക്കുകള്‍ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, അത് നല്‍കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്താല്‍ തെളിവ് നശിപ്പിക്കലാകുമെന്നും കാണിച്ച് ജലീലിന്റെ കുടുംബം കോടതിയെ സമീപിച്ചു. തുടർന്നാണ് ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നത്.

