തൂത്തുക്കുടി കസ്റ്റഡി മരണം: 9 പോലിസുകാര്‍ക്കെതിരേ കുറ്റപത്രം

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഒന്‍പത് പോലിസുകാര്‍ക്കെതിരേ
കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. കുറ്റപത്രത്തില്‍ സാത്താന്‍ കുളം പോലീസ് സ്റ്റേഷന്റെ മുന്‍ എസ്എച്ച്ഒ എസ്. ശ്രീധര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ബാലകൃഷ്ണന്‍, പി രഘുഗണേഷ്, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ എസ്. മുരുകന്‍, എ സമാദുരൈ, കോണ്‍സ്റ്റബിള്‍മാരായ എം. മുത്തുരാജ, എസ് ചെല്ലദുരൈ, എക്‌സ് തോമസ് ഫ്രാന്‍സിസ്, വെയ്ല്‍ മുത്തു എന്നിവരുടെ പേരുകളാണുള്ളത്.

ലോക്ക്ഡൗണ്‍ ലംഘിച്ച് കടകള്‍ തുറന്നു എന്നാരോപിച്ച് പി. ജയരാജിനെയും മകന്‍ ബെന്നിക്‌സിനെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാത്താന്‍ കുളം പോലീസ് സ്റ്റേഷനില്‍ വെച്ച് ഇരുവരും ക്രൂരമായ മര്‍ദ്ദനത്തിനിരയായാണ് മരിച്ചത്.സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയര്‍ന്നു. ഇതോടെ കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →