കൊച്ചി: കടബാധ്യത മൂലം പുഴയിൽ മുങ്ങി മരിച്ചെന്ന് വരുത്തി തീർത്ത യുവാവ് കോട്ടയത്ത് പോലീസിൻ്റെ വലയിൽ കുടുങ്ങി.പഞ്ചാബി ഹൗസ് സിനിമ അനുകരിച്ച ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് കോട്ടയത്ത് നിന്ന് പിടിയിലായത്.
ലോട്ടറിയെടുത്താണ് സുധീർ ലക്ഷങ്ങളുടെ കടക്കാരനായത്. മറ്റു ബാധ്യതകൾ അടക്കം സുധീറിന് എട്ട് ലക്ഷത്തോളം രൂപയുടെ കട ബാധ്യതയാണ് ഉള്ളത് .
പെരിയാറില്‍ മുങ്ങി മരിച്ചതായി വരുത്തി തീർത്ത് രക്ഷപെടാനായിരുന്നു സുധീറിൻ്റെ ശ്രമം. അതിനായി പെരിയാറിൻ്റെ കരയിൽ വസ്ത്രങ്ങൾ ക്രമികരിച്ചു വെച്ച് ഇയാൾ സ്ഥലം വിടുകയായിരുന്നു.
25-9 -2020 വെള്ളിയാഴ്ചയാണ് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. ഉടൻ തന്നെ പൊലീസും ഫയര്‍ഫോഴ്സും ആലുവ പെരിയാറില്‍ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ആലുവ പെരിയാർ മണപ്പുറത്തിന് സമീപത്തെ കടവിൽ യുവാവിനെ കണ്ടതായി ദൃക് സാക്ഷികൾ മൊഴി നൽകി. 20 മിനുട്ടോളം ഇയാൾ ഇവിടെ ഉണ്ടായിരുന്നു. എന്നാൽ കുളിക്കാൻ ഇറങ്ങിയത് ആരും കണ്ടിരുന്നില്ല. എന്നാൽ ഇയാളുടെ വസ്ത്രങ്ങള്‍ കരയില്‍ തന്നെ ഉപേക്ഷിച്ചിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിക്കാത്ത സാഹചര്യത്തിലാണ് പൊലീസിന് സംശയം തോന്നിയത്. തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി.
അപകടം നടക്കാനിടയില്ലാത്ത സ്ഥലത്താണ് യുവാവ് മുങ്ങിയതായി കരുതപ്പെട്ടിരുന്നത്. ഒരാള്‍ മുങ്ങിപ്പോയാല്‍ വേഗത്തിൽ കണ്ടെത്താൻ കഴിയുന്ന സ്ഥലമായതിനാൽ പൊലീസിന് അസ്വഭാവികത തോന്നി. പൊലീസ് ഫോട്ടോ സഹിതം വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച വാർത്തയെ തുടർന്ന് സുധീര്‍ കോട്ടയത്തുണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. പോലിസ് സുധീറിനെ ആലുവയില്‍ എത്തിച്ചു. തുടർന്നാണ് പഞ്ചാബ് മോഡൽ തിരക്കഥയും ഒളിച്ചോട്ടവും ഇയാൾ പോലീസിനെ അറിയിച്ചത്.

