കോട്ടയം :ജില്ലയില്‍ 15 ലക്ഷം രൂപയുടെ കളളനോട്ടുകള്‍ വിതരണം ചെയ്ത ആളെ പോലീസ് പിടികൂടി. കാഞ്ഞിരപ്പളളി കൊടുങ്ങൂര്‍ തട്ടാന്‍പറമ്പില്‍ സജി (38) ആണ് അറസ്റ്റിലായത്. നാഗമ്പടത്തെ ജൂവല്‍ ഹോംസ് ഫ്‌ളാറ്റില്‍ നിന്നാണ് സജിയെ തിരുവല്ലാ പോലീസ് പിടികൂടുന്നത്. ഇയാള്‍ ജില്ലയില്‍ നടത്തിയ കളള നോട്ടിടപാടുകള്‍ സംബന്ധിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
ഒരുലക്ഷം രൂപ നല്‍കിയാല്‍ മൂന്നുലക്ഷം രൂപയുടെ കളളനോട്ട് നല്‍കുമെന്നാണ് സജിയുടെ വാഗ്ദാനം. ഇപ്രകാരം 5 ലക്ഷം രൂപ അയാള്‍ക്ക് ലഭിച്ചതായിട്ടാണ് പോലീസിന്‍റെ പ്രാഥമീക പരിശോധനയില്‍ കണ്ടെത്തിയത്. സജിയില്‍ നിന്നും പണം സ്വീകരിച്ച ആളുകളുടെ പട്ടിക പോലീസ് തയ്യാറാക്കി വരികയാണ്. പണം തിരികെ പിടിക്കുന്നതിനുളള നടപടികളും സ്വീകരിക്കും.
200,500, 2000 രൂപയുടെ നോട്ടുകളാണ് പ്രതി തയ്യാറാക്കിയിരുന്നത്. ആദ്യം നോട്ട് സ്‌കാന്‍ ചെയ്യുകയും തുടര്‍ന്ന് 70 ജിഎസ്എം പ്ലാറ്റിനം പേപ്പറില്‍ പ്രിന്റ് ചെയ്ത് മെഷീന്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. നാഗമ്പടത്തെ പ്ലാറ്റില്‍ നിന്ന് പ്രിന്‍റര്‍ അടക്കമുളളവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ കൂടുതല്‍ ബന്ധങ്ങളും അന്വേഷിക്കും.

