പാക്കിസ്ഥാനിൽ മാധ്യമ പ്രവർത്തകർക്കെതിരായ സർക്കാർ നടപടികൾ വർദ്ധിക്കുന്നു , പ്രതിഷേധവുമായി അന്താരാഷ്ട്ര മാധ്യമ അവകാശ കൂട്ടായ്മ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മാധ്യമ പ്രവർത്തകർക്കെതിരായി നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭരണകൂട നടപടികൾക്കെതിരെ പ്രതിഷേധവുമായി അന്താരാഷ്ട്ര മാധ്യമ അവകാശ കൂട്ടായ്മ. മാധ്യമ സ്ഥാപനങ്ങളെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടാനായി പാക്കിസ്ഥാനിൽ നിയമങ്ങൾ വളച്ചൊടിക്കപ്പെടുകയാണെന്ന് കൂട്ടായ്മ വിലയിരുത്തി.

ഇസ്ലാമാബാദ് ഹൈക്കോടതിയിൽ റിപ്പോർട്ടിംഗിനായി എത്തിയപ്പോൾ ആയുധം കൈവശം വച്ചു എന്നാരോപിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച (23/09/2020) പാക്കിസ്ഥാനിലെ ‘ചാനൽ 24’ ലെ റിപ്പോർട്ടറായ എഹ്തിഷാം കിയാനിയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തെളിവില്ലാത്തതിനാലും സഹമാധ്യമ പ്രവർത്തകർ ശക്തമായ എതിർപ്പുമായി രംഗത്തു വന്നതിനാലും ഇദ്ദേഹത്തെ ബുധനാഴ്ച വൈകിട്ടു തന്നെ വിട്ടയച്ചു.

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ മകളായ മറിയം നവാസിനെതിരായ അഴിമതി കേസ് കോടതി പരിഗണിക്കുന്നതിനിടെയാണ് കിയാനി അറസ്റ്റിലായത്.

സൈന്യത്തിനെതിരായി സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് കറാച്ചിയിലെ മാധ്യമ റിപ്പോർട്ടറായ ബിലാൽ ഫാറൂഖിനെ അറസ്റ്റ് ചെയ്ത് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് കിയാനിയുടെ അറസ്റ്റ്.
രാജ്യദ്രോഹക്കുറ്റം ചുമത്തി മറ്റ് രണ്ട് മാധ്യമ പ്രവർത്തകരും പാക്കിസ്ഥാനിൽ ഈയിടെ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു.

സംശയാസ്പദവും തെറ്റായതുമായ ആരോപണങ്ങളിൽ മാധ്യമപ്രവർത്തകരെ അറസ്റ്റു ചെയ്യുന്നത് മാധ്യമ അവകാശങ്ങളുടെ നേരിട്ടുള്ള ലംഘനമാണെന്ന് ഇൻ്റർനാഷണൽ ജേണലിസ്റ്റ് ഫെഡറേഷൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →