കണ്ണൂര്‍: ടൈപ്പിസ്റ്റ് തസ്തികകളില്‍ ജോലി കാത്തിരിക്കുന്ന റാങ്ക്‌ഹോള്‍ഡേഴ്‌സിന് പാരയായി പുനര്‍വിന്ന്യാസം . ടൈപ്പിസ്റ്റ് തസ്തികകളിലേക്കുളള പിഎസ്.സി റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ജീവനക്കാരുടെ പുനര്‍വിന്യാസം പ്രതിസന്ധിയിലാക്കും. ആര്‍ടിഒ, ജിഎസ്ടി , ഇറിഗേഷന്‍ വകുപ്പുകളില്‍ ടൈപ്പിസ്റ്റ് തസ്തിക വെട്ടിചുരുക്കിയതോടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. മറ്റുവകുപ്പുകളിലും ഈ സ്ഥിതി തുടര്‍ന്നാല്‍ നിലവിലുളള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടക്കുകയില്ല. സംസ്ഥാനത്തെ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ,വിഎച്ച്എസ്ഇ, പോളിടെക്‌നിക്ക്, കെജിടിഇ, ടൈപ്പ് റൈറ്റിംഗ് ഇന്‍സ്റ്റ്റ്റിറ്റ്യൂട്ടുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മാത്രമേ ജോലി സാധ്യതയുളളു.
സര്‍ക്കാര്‍ സര്‍വീസിലാവട്ടെ ടൈപ്പിസ്റ്റ് തസ്തികയുടെ പേര് കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് എന്ന് മാറ്റാനുളള പത്താം ശമ്പള റിവിഷന്‍ ശുപാര്‍ശ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. പരിഷ്‌ക്കരിച്ച സിലിബസ് പ്രകാരം കമ്പ്യൂട്ടര്‍ പരിജ്ഞാനം നേടിയ ഉദ്യോഗാര്‍ത്ഥികളാണ് ഇവിടങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നത്. വാട്ടര്‍ അതോരിറ്റിയില്‍ ഇതിനകം 52 തസ്തിക ഇല്ലാതാക്കിയിരുന്നു. എസ്എസ് എല്‍.സി കൂടാതെ ഇംഗ്‌ളീഷ്, മലയാളം ടൈപ്പിംഗ് യോഗ്യത , കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് എന്നിവ ഈ തസ്തികയില്‍ ആവശ്യമാണ്. ഒരു എല്‍ഡി ക്ലാര്‍ക്കിന് വേണ്ടുന്നതില്‍ കൂടുതല്‍ യോഗ്യതയാണിത്. ടൈപ്പിസ്റ്റ് യോഗ്യതയുളള 8000 ത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ പല റാങ്ക് ലിസ്റ്റുകളിലായി ഉള്‍പ്പെടും .
ഗ്രാമ പഞ്ചായത്ത് ഒഴികെ സര്‍ക്കാര്‍ വകുപ്പുകള്‍ , അര്‍ദ്ധസര്‍ക്കാര്‍, കമ്പനി ബോര്‍ഡുകളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള ടൈപ്പിസ്റ്റ് ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. സ്ഥിരം ടൈപ്പിസ്റ്റ് തസ്തിക പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടിട്ടും ഈ തസ്തിക പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓരോ പഞ്ചായത്തും മാസം 50000 ത്തിലധികം രൂപ ഇത്തരം ജോലിക്കായി ചെലവാക്കുന്നുണ്ട്. മലയാളം ഭരണഭാഷയാക്കുകയും സര്‍ക്കാര്‍ സംവിധാനം കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പരിജ്ഞാനമുളള ടൈപ്പിസ്റ്റ് കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് തസ്തിക വെട്ടിച്ചുരുക്കുന്ന നടപടി റദ്ദ് ചെയ്യണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.

