ന്യൂഡൽഹി: ഡൽഹി കലാപത്തിൻ്റെ കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിൻ്റെ പേരും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൻ്റെ ഭാഗമായി സൽമാൻ ഖുർഷിദ് നടത്തിയ പ്രസംഗങ്ങൾ പ്രകോപന പരമാണെന്നാണ് ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.
ഉമർ ഖാലിദ് , സൽമാൻ ഖുർഷിദ് , നദീം ഖാൻ എന്നിവരുടെ പ്രസംഗങ്ങൾ പ്രകോപനപരവും ജനക്കൂട്ടത്തെ ഇളക്കിവിടുന്നതും ആയിരുന്നു എന്നാണ് കുറ്റപത്രം പറയുന്നത്. എന്നാൽ പ്രസംഗത്തിലെ ഏത് ഭാഗമാണ് പ്രകോപനപരം എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ല.
സമരപരിപാടിയിൽ പങ്കെടുത്ത് ഭരണഘടനയെ കുറിച്ചാണ് താൻ സംസാരിച്ചത് , അത് പ്രകോപനപരമാണ് എന്നാണ് ഡൽഹി പൊലീസിൻ്റെ വിചിത്രമായ കണ്ടെത്തലെന്ന് സൽമാൻ ഖുർഷിദ് മാധ്യമങ്ങളോട് പറഞ്ഞു.
17000 പേജുള്ള കുറ്റപത്രമാണ് 2020 സെപ്റ്റംബർ 17 ന് ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. സീതാറാം യെച്ചൂരി , യോഗേന്ദ്ര യാദവ് തുടങ്ങിയവരുടെ പേരുകൾ കുറ്റപത്രത്തിൻ്റെ ഉപവിഭാഗത്തിൽ ഉൾപ്പെടുത്തിയത് നേരത്തേ വിവാദമായിരുന്നു. 15 പേർക്കെതിരെ കുറ്റകരമായ ഗൂഡാലോചനയും യു എ പി എ യും ചുമത്തിക്കൊണ്ടുള്ള 2695 പേജുള്ള ഒരു അന്തിമ റിപ്പോർട്ടും പൊലീസ് സമർപ്പിച്ചിട്ടുണ്ട്.

