ആലപ്പുഴ: അസ്പൃശ്യ പൈതൃകങ്ങളെ (ഇന്‍ഡാന്‍ജിബിള്‍ ഹെറിട്ടേജ്) സംരക്ഷിക്കുന്നതിനുളള യുനെസ്‌കോയുടെ പദ്ധതിയിലേക്ക് തോല്‍പാവക്കൂത്ത്, കളരിപ്പയറ്റ് എന്നിവ കൂടി ഉള്‍പ്പെടുത്തി. കൂടിയാട്ടവും മുടിയേറ്റു കേരളത്തില്‍ നിന്നുള്ള നേരത്തേതന്നെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ കലാരൂപങ്ങളുടെ എണ്ണം അഞ്ചായി.
അസ്പൃശ്യ പൈതൃക പട്ടികയില്‍ സഹ്യപര്‍വതവും നേരത്തേ ഇടം നേടിയിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചി രിക്കുന്നത്. കരട് പട്ടികയിലേക്ക് കൂടുതല്‍ വിവരങ്ങള്‍ നിര്‍ദ്ദേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ലോകത്തെ അസ്പൃശ്യ പൈതൃകങ്ങള്‍ സംരക്ഷിക്കുന്നതിനായി 2003 ല്‍ യുനെസ്‌കോ വിളിച്ചുചേര്‍ത്ത രാജ്യാന്തര കണ്‍വെന്‍ഷന്റെ ചുവടുപിടിച്ചാണ് അംഗരാജ്യങ്ങള്‍ പ്രത്യേക പട്ടിക തയ്യാറാക്കുന്നത്.
ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, ആചാരങ്ങള്‍, വാമൊഴികള്‍, നാട്ടറിവുകള്‍ തുടങ്ങിയവയാണ് ഇതിലുള്‍പ്പെടുത്തുന്നത്. വ്യത്യസ്ഥമായ പൈതൃകങ്ങള്‍ സംരക്ഷിച്ച് വരും തലമുറകള്‍ക്ക് കൈമാറാനുളള കര്‍മ്മപദ്ധതികള്‍ ആവിഷ്‌ക്കരിക്കാനാണ് നീക്കം. ജനപങ്കാളിത്തം കൊണ്ടും ദൃശ്യഭംഗി കൊണ്ടും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫ്‌ളോട്ട് ഫെസ്റ്റിവല്‍ എന്നാണ് കുംഭഭരണി കെട്ടുകാഴ്ചയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഐതീഹ്യവും അനുഷ്ഠാനവും ചേരുന്ന തനത് കലാരൂപമായിട്ടാണ് തോല്‍പ്പാവക്കൂത്തിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ കേരളത്തിന്‍റെ പ്രാചീന കലകളായ കഥകളി, ഓട്ടന്‍തുളളല്‍, ചാക്യാര്‍കൂത്ത്, പടയണി, തെയ്യം,കളമെഴുത്ത് തുടങ്ങിയതൊന്നും ഇതേവരെ ഇത്തരം പട്ടികയില്‍ ഉള്‍പ്പെട്ടില്ല. അവകൂടി ഉള്‍പ്പെടുത്താനുളള ശ്രമം വേണമെന്ന് കലാനിരൂപകര്‍ ആവശ്യപ്പെട്ടു.