ആലപ്പുഴ : വീട്ടില്‍ നിന്നും ചാരായം പിടികൂടുന്നതിനിടെ ഓടി രക്ഷപെട്ട ആളുടെ സ്ഥാനത്ത് പ്രതി ചേർത്തത് പത്തു വര്‍ഷം മുമ്പ് മരിച്ചയാള്‍. അബദ്ധം തിരിച്ചറിഞ്ഞ് എക്‌സൈസ് കോടതിയില്‍ തിരുത്തല്‍ അപേക്ഷ നല്‍കിയപ്പോഴേക്കേും സംഭവം വിവാദമായി. ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിയ്ക്കായി അന്വേഷണത്തിലാണ് എക്‌സൈസിന്റെ ഹരിപ്പാട് ഓഫിസിലെ ഉദ്യോഗസ്ഥര്‍. പള്ളിപ്പാട് പഞ്ചായത്തിലെ അകവൂര്‍ മഠം കോളനിയില്‍ 10 വര്‍ഷം മുന്‍പ് മരിച്ചയാളെയാണ് അബ്കാരി കേസില്‍ പ്രതിയാക്കിയത്.
2020 ഏപ്രിലില്‍ ലോക്ഡൗണിന്റെ തുടക്കത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു വീടിനു സമീപം ചാരായം വാറ്റിയത് പിടിച്ചപ്പോള്‍ പ്രതി ഓടി രക്ഷപെടുകയായിരുന്നു. സാക്ഷികളായി സമീപത്തുണ്ടായിരുന്നവര്‍ നല്‍കിയ പേരാണ് റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ മരിച്ചിട്ട് വര്‍ഷങ്ങളായെന്ന് വ്യക്തമായി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയപ്പോള്‍ അവിടെ നിന്നവര്‍ തെറ്റായ അഡ്രസ് തന്നതു കൊണ്ടാണ് തെറ്റിദ്ധാരണ ഉണ്ടായതെന്ന് എക്‌സൈസ് – ഡപ്യൂട്ടി കമ്മിഷണര്‍ കെ കെ അനില്‍കുമാര്‍ വ്യക്തമാക്കി.

