ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു

50 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിക്കുന്ന തുക വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്. സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാന്‍സ്മാന്‍) വളരെ സങ്കീര്‍ണവും ചെലവേറിയതും ആയതിനാലും നിരവധി ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകുകയുള്ളൂ എന്നതിനാലും ഇതിലേക്കായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കുന്നതാണ്. പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാന്‍സ് വുമണ്‍) താരതമ്യേന ചെലവ് കുറവായതിനാല്‍ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിന് ആവശ്യമായ തുകയായ 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നതിന് ഭീമമായ തുക ആവശ്യമായി വരുന്നതിന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശസ്ത്രക്രിയ പൂര്‍ണതയില്‍ എത്തിയ്ക്കുന്നതിന് പലപ്പോഴും സാധ്യമാകാതെ വരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയയുടെ പ്രാധാന്യം കണക്കിലെടുത്തുമാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കായി നല്‍കിവരുന്ന ധനസഹായം പരമാവധി 5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത്.

സ്ത്രീയില്‍ നിന്നും പുരുഷനാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി 5 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരമാവധി 5 ലക്ഷം വീതം 25 ലക്ഷം രൂപയും, പുരുഷനില്‍ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്രക്രിയയ്ക്കായി 10 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേര്‍ത്താണ് ആകെ 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം സമര്‍പ്പിക്കപ്പെടുന്ന ബില്ലുകളുടെയും ടെക്‌നിക്കല്‍ കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ലായിരിക്കും ധനസഹായം അനുവദിക്കപ്പെടുക.

സമൂഹത്തില്‍ വളരെയധികം അവഗണന അനുഭവിക്കുന്ന വിഭാഗം ആയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8014/Gender-change-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →