ദുബൈ: ഐ പി എല്‍ പതിമൂന്നാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയതുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ 10 റണ്‍സിനായിരുന്നു കോഹ്ലിപടയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ഇംഗ്ലണ്ട് താരം ജോണി ബെയര്‍സ്‌റ്റോയുടെ മികവില്‍ മികച്ച നിലയിലായിരുന്ന ഹൈദരാബാദ് പിന്നീട് കളി കൈവിടുകയായിരുന്നു. യൂസ്‌വേന്ദ്ര ചാഹലിന്റെ മൂര്‍ച്ചയേറിയ ബൗളിങാണ് കളി ബാംഗ്ലൂരിന് അനുകൂലമാക്കിയത്. ചാഹല്‍ ബാംഗ്ലൂരിനായി നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്‌നി, ശിവം ദുബെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഒരു ഘട്ടത്തില്‍ 15 ഓവറില്‍ രണ്ടിന് 121 റണ്‍സെന്ന നിലയിലായിരുന്നു ഹൈദരാബാദ്. 18 റണ്‍സില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം ഒന്നിച്ച ബെയര്‍സ്‌റ്റോ -മനീഷ് പാണ്ഡെ സഖ്യമാണ് ഹൈദരാബാദ് ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്ത് നേരിട്ട് ഒരു സിക്‌സും മൂന്നു ഫോറുമടക്കം 34 റണ്‍സെടുത്ത പാണ്ഡെയെ മടക്കിയ യൂസ്‌വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
ടോസ് നേടിയ ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മലയാളി താരം ദേവദത്തും ആരോണ്‍ ഫിഞ്ചു(29)മാണ് ബാംഗ്ലൂര്‍ ബാറ്റിങ് ഓപ്പണ്‍ ചെയ്തത്. ദേവദത്ത് 56 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍, വിരാട് കോഹ്‌ലി 14ഉം, ശിവം ദുബെ ഏഴും റണ്‍സും നേടി.
കളിയിൽ താരമായത് കേരളത്തിന്റെ സ്വന്തം ദേവദത്ത് പടിക്കലാണ്. എടപ്പാള്‍ സ്വദേശിയായ ദേവദത്ത് ബാംഗ്ലൂരിന് വേണ്ടി ഗംഭീര അരങ്ങേറ്റമാണ് ഐപിഎല്ലില്‍ നടത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ദേവ്ദത്ത് പ്രതീക്ഷകള്‍ക്ക് മുകളിലുള്ള പ്രകടനം കാഴ്ചവെച്ചു. 42 പന്തില്‍ 56 റണ്‍സുമായി അരങ്ങേറ്റം തന്നെ അര്‍ധസെഞ്ച്വറിയാക്കി മാറ്റി ഈ 20 കാരന്‍.

