ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും എന്നാല്‍ ഇവര്‍ക്കാവിശ്യമായ ഐസിയു യുണിറ്റുകള്‍ ലഭ്യമല്ലെന്നും റിപ്പോര്‍ട്ട്. ഐസിയു ആവശ്യപ്പെടുന്നവരില്‍ നാല് ശതമാനത്തിന് മാത്രമേ ഇത് ലഭ്യമാവുന്നുള്ളു. ഇതില്‍ തന്നെ 78 ശതമാനം ആളുകളും സ്വന്തം സ്വാധീനവും ബന്ധങ്ങളും ഉപയോഗിച്ചാണ് ഐസിയു യുണിറ്റുകള്‍ ലഭ്യമാക്കുന്നത്. 211 ജില്ലകളിലെ 17000 ആളുകളില്‍ ലോക്കര്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയിലാണ് ഈ റിപ്പോര്‍ട്ടുള്ളത്.
കൊവിഡ് ഐസിയു ബെഡ് ആവശ്യമായി വന്ന വ്യക്തികളുടെ ബന്ധുക്കളില്‍ നിന്ന് മാത്രമായി എടുത്ത സര്‍വേയാണിതെന്നാണ് ലോക്കല്‍ സര്‍ക്കിളിന്റെ അവകാശവാദം. ഇത് പ്രകാരം 38 ശതമാനം പേര്‍ ഐസിയു ബെഡ് ഉറപ്പാക്കാന്‍ സ്വാധീനങ്ങള്‍ ഉപയോഗിക്കണമെന്ന് പറഞ്ഞപ്പോള്‍ എട്ട് ശതമാനം മാത്രമാണ് കൃത്യമായി നടപടിക്രമങ്ങള്‍ക്ക് പിന്നാലെ പോയാലെ ഇത് ലഭ്യമാവുവെന്ന് പറഞ്ഞത്. 40 ശതമാനം പേര്‍ തങ്ങളുടെ സ്വാധീനവും ബന്ധങ്ങളും ഉപയോഗിക്കണമെന്നും വ്യക്തമാക്കി. ഐസിയു കിടക്ക സുരക്ഷിതമാക്കാന്‍ ആശുപത്രിയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ കൈക്കൂലി നല്‍കണമെന്ന് ഏഴു ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നാലു ശതമാനം പേര്‍ മാത്രമാണ് മേല്‍പ്പറഞ്ഞവയൊന്നുമില്ലാതെ തങ്ങള്‍ക്ക് ഐസിയു കിടക്ക ലഭിച്ചതെന്ന് അഭിപ്രായപ്പെട്ടത്. മറ്റൊരു നാല് ശതമാനം പേര്‍ തങ്ങള്‍ക്ക് ഒരു ഐസിയു ബെഡ് ലഭിച്ചില്ലെന്ന് പറഞ്ഞു.
അതേസമയം, രാജ്യത്തെ കൊവിഡ് മുക്തി നിരക്കില്‍ റെക്കോഡ് വര്‍ദ്ധനയാണ് ഇപ്പോഴുള്ളത്. 80 ശതമാനത്തില്‍ അധികം പേര്‍ നിലവില്‍ രാജ്യത്ത് കൊവിഡ് മുക്തി നേടുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് മുക്തരായവരുടെ എണ്ണം 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,356 പേര്‍ രോഗമുക്തരായി. 43,96,399 പേരാണ് ഇതേവരെ രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതേവരെ 5.49 ദശലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 87,882 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.