തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനും സംയുക്തമായി തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് (മെഡ്‌സ്പാര്‍ക്ക്) സ്ഥാപിക്കുന്നു. ഗവേഷണം, പുതിയ ഉപകരണങ്ങള്‍ വികസിപ്പിക്കല്‍, ടെസ്റ്റിംഗ്, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണ്ണയം, ഉത്പാദനത്തിന് വേണ്ട പിന്തുണ, പുത്തന്‍ സാങ്കേതികവിദ്യകള്‍ കണ്ടെത്തല്‍, വിജ്ഞാന വിനിമയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണി ആവശ്യപ്പെടുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കാനാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. വൈദ്യശാസ്ത്ര ഉപകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികള്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക.
മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ ശിലാസ്ഥാപന കര്‍മ്മം 2020 സെപ്റ്റംബര്‍ 24 വ്യാഴാഴ്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വ്യവസായ-സ്‌പോര്‍ട്‌സ്- യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ. പി. ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. കേരള സര്‍ക്കാര്‍, കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ്, വിവിധ കേന്ദ്ര വകുപ്പുകള്‍, നിതി ആയോഗ് എന്നിവയുടെയും ശ്രീചിത്ര മുൻ പ്രസിഡന്റും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായിരുന്ന ശ്രീ കെ എം ചന്ദ്രശേഖറിന്റെയും പിന്തുണയോടെയാണ് ശ്രീചിത്ര ഈ വലിയ നേട്ടം കൈവരിച്ചിരിക്കുന്നതെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍ പറഞ്ഞു.
‘ശരീരത്തിനകത്ത് സ്ഥാപിക്കുന്നതും വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്നതിന് ശരീരത്തിന് പുറത്ത് വച്ചുപിടിപ്പിക്കുന്നതുമായ ഹൈ റിസ്‌ക് ഉപകരണങ്ങളുടെ ഗവേഷണത്തിനും വികസനത്തിനുമായിരിക്കും മെഡ്‌സ്പാര്‍ക്ക് ഊന്നല്‍ നല്‍കുക. ഇത് രാജ്യത്തെ സമാനമായ മറ്റ് പദ്ധതികളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു. ഈ മേഖലയില്‍ മികച്ച പരിചയസമ്പത്തും വൈദഗ്ദ്ധ്യവും ശ്രീചിത്രയ്ക്കുണ്ട്.’ കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. അശുതോഷ് ശര്‍മ്മ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ മുപ്പതിലേറെ വര്‍ഷക്കാലമായി വൈദ്യശാസ്ത്ര ഉപകരണ ഗവേഷണ രംഗത്ത് മികച്ച സംഭാവന നല്‍കാന്‍ ശ്രീചിത്രയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിതി ആയോഗ് അംഗവും ശ്രീചിത്ര പ്രസിഡന്റുമായ ഡോ. വി. കെ. സരസ്വത് പറഞ്ഞു. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതാണ് മെഡ്‌സ്പാര്‍ക്ക്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഉത്പാദനത്തില്‍ രാജ്യത്തിനുള്ള മുന്‍തൂക്കം പ്രയോജനപ്പെടുത്താനും വൈദ്യശാസ്ത്ര ഉപകരണ വ്യവസായത്തിന്റെ കേന്ദ്രമാക്കി ഇന്ത്യയെ മാറ്റാനും മെഡ്‌സ്പാര്‍ക്കിന് കഴിയും. അധിക നികുതി വരുമാനം, അനുബന്ധ വ്യവസായ വികസനം, പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴില്‍ അവസരങ്ങള്‍ എന്നിവയിലൂടെ പരോക്ഷമായ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുള്ള രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനമാണ് ശ്രീചിത്ര. കൃത്രിമ ഹൃദയ വാല്‍വ് (ഒന്നരലക്ഷം രോഗികളില്‍ വച്ചുപിടിപ്പിച്ചു), ബ്ലഡ് ബാഗ് (പ്രതിവര്‍ഷം 50 ദശലക്ഷം ബാഗുകള്‍ ഉത്പാദിപ്പിക്കുന്നു) എന്നിവ ഉള്‍പ്പെടെ അറുപതിലധികം വൈദ്യശാസ്ത്ര ഉപകരണ സാങ്കേതികവിദ്യകള്‍ ശ്രീചിത്ര ഇതിനോടകം വികസിപ്പിച്ചെടുത്തു കഴിഞ്ഞു. മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ ബൗദ്ധിക- ശാസ്ത്ര പങ്കാളിയായിരിക്കും ശ്രീചിത്ര.
വൈദ്യശാസ്ത്ര ഉപകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതാനും കമ്പനികള്‍ കേരളത്തിലുണ്ട്. ശ്രീചിത്ര വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ് ഇവയില്‍ അധികവും. സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഉപകരണ വിപണിയുടെ വാര്‍ഷിക വിറ്റുവരവ് 750 കോടി രൂപയാണ്.
നിർമ്മാണം പൂര്‍ത്തിയായിക്കഴിയുമ്പോള്‍ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കില്‍ ഇനിപ്പറയുന്ന സൗകര്യങ്ങളുണ്ടാകും:
1. ആഗോള സ്വീകാര്യത ഉറപ്പാക്കുന്നതിനായ അന്തരാഷ്ട്ര അംഗീകാരത്തോട് കൂടിയ മെഡിക്കല്‍ ഡിവൈസ് ടെസ്റ്റിംഗ് & ഇവാല്യുവേഷന്‍ സെന്റര്‍
2. ഗവേഷണവും ഉപകരണ വികസനവും സാധ്യമാക്കുന്നതിനായി ആര്‍&ഡി റിസോഴ്‌സ് സെന്റര്‍. പാര്‍ക്കിലെ എല്ലാ കമ്പനികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും
3. തുടര്‍പരിശീലനങ്ങള്‍, നിയമസഹായം, ക്ലിനക്കല്‍ ട്രയലുമായി ബന്ധപ്പെട്ട പിന്തും മുതലായവ ലഭ്യമാക്കുന്നതിന് വേണ്ടി നോളജ് സെന്റര്‍
4. സ്റ്റാര്‍ട്ട്അപ്പുകളെയും പുതിയ കമ്പനികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യുബേഷന്‍ സെന്റര്‍
5. നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് നല്‍കുന്നതിനായി സ്ഥലം അല്ലെങ്കില്‍ പാട്ടത്തിന് ലഭിക്കുന്ന നിര്‍മ്മാണ യൂണിറ്റുകള്‍
വൈദ്യശാസ്ത്ര ഉപകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പാര്‍ക്കിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടും. പാര്‍ക്ക് യാഥാര്‍ത്ഥ്യമാവുന്നതോടെ 1200 പേര്‍ക്ക് നേരിട്ടും 4000-5000 ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.
വരുമാനത്തില്‍ നിന്ന് പ്രവര്‍ത്തനച്ചെലവ് കണ്ടെത്തുന്ന മാതൃകയിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ആവശ്യമായി വരുന്ന മൂലധന ചെലവുകള്‍ നിറവേറ്റാനും വരുമാനത്തിലെ കുറവ് നികത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സഹായത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.