വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രിംകോടതി ജഡ്ജിയും, സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടുകയും ചെയ്ത റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് (87) അന്തരിച്ചു. 1997 മുതല്‍ കാന്‍സര്‍ ചികിത്സയിലായിരുന്നു. വാഷിംഗ്ടണിലെ സ്വവസതയില്‍ ഇന്നലെ 18-9 -2020 രാത്രിയാണ് മരണപ്പെട്ടത്. അമേരിക്കയിലെ സുപ്രിംകോടതിയിലെ ജഡ്ജിയായിരുന്ന റൂത്ത് ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ്. 27 വര്‍ഷം സുപ്രീം കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചു. നീതി നിര്‍വഹണത്തില്‍ മറ്റാരേക്കാളും മുന്നിട്ട് നിന്ന റൂത്ത് സ്ത്രീകള്‍ക്ക് വേണ്ടിയും അവരുടെ അവകാശത്തിന് വേണ്ടിയും നിരന്തരം പോരാടി.
1993ലാണ് ബില്‍ ക്ലിന്റണ്‍ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിനെ സുപ്രിംകോടതി ജഡ്ജിയായി നാമനിര്‍ദേശം ചെയ്യുന്നത്. ആ പദവിയിലിരിക്കുന്ന രണ്ടാമത്തെ വനിതയും ആദ്യ ജൂത വനിതയുമായി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ്. വിര്‍ജീനിയ മിലിറ്ററി ഇന്‍സ്റ്റിറ്റിയട്ടില്‍ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹര്‍ജിയില്‍ വിധി പറയുന്നതോടെയാണ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് ലോകശ്രദ്ധ നേടുന്നത്. റൂത്ത് പുരോഗമന ചിന്തകള്‍ കൊണ്ട് ലോകത്തെ അതിശയിപ്പിച്ചു.
1970 ല്‍ ലിംഗ വിവേചന കേസുകള്‍ക്കായി സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിനെ നിയമിച്ചു. ലിംഗ വിവേചനമെന്നത് സ്ത്രീകളുടെ ജോലിയായാണ് സമൂഹം കണക്കാക്കുന്നതെന്ന് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് പറഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ വിവേചനത്തിനെതിരായ നിയമത്തിന് പുതിയ മുഖം നല്‍കിയത് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് ആണ്.
റഷ്യന്‍ ജൂത കുടിയേറ്റ ദമ്പതികളുടെ മകളായി 1933 മാര്‍ച്ച് 15നായിരുന്നു റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന്റെ ജനനം. ഹവാര്‍ഡ് ലോ സ്‌കൂളില്‍ നിന്നാണ് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് നിയമ ബിരുദം പൂര്‍ത്തിയാക്കിയിട്ടും ജോലി കിട്ടാതെ റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് കഷ്ടപ്പെട്ടു. താന്‍ ജൂതമതത്തില്‍പ്പെട്ട വ്യക്തിയായതുകൊണ്ടും സ്ത്രീ ആയിരുന്നതുകൊണ്ടും ഒരു കുഞ്ഞിന്റെ അമ്മയയായതുമാണ് തനിക്ക് നിയമനം ലഭിക്കാതിരുന്നതെന്ന് റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് തുറന്നു പറഞ്ഞിരുന്നു. റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗിന്റെ മരണം അമേരിക്കയ്ക്ക് നികത്താനാകാത്ത നഷ്ടമാണെന്ന് പ്രമുഖര്‍ അനുശോചിച്ചു.