പറവൂര്‍: കിണറ്റില്‍ വീണുപോയ അമ്മയെ രക്ഷിക്കാനായി മകന്‍ കിണറ്റില്‍ ഇറങ്ങി. പിന്നാലെ ഇവരെ പരക്ഷിക്കാന്‍ ഇറങ്ങിയ അയല്‍വാസിയും അപകടത്തില്‍ പെട്ടു. ഒടുവില്‍ ഫയര്‍ഫോഴ്‌സെത്തി മൂവരേയും രക്ഷപെടുത്തി. കരോട്ടുകര ചാമക്കാട്ട് വാഴപ്പിളളി വീട്ടില്‍ മേരി (75) ആണ് കിണറ്റില്‍ വീണുപോയത്. സെപ്‌തംബര്‍ 17 വ്യാഴാഴ്‌ച രാവിലെ 9 മണിയോടെയാണ് സംഭവം. 50 അടിയോളം താഴ്‌ചയുളള കിണറ്റില്‍ 25 അടിയോളം വെളളമുണ്ടായിരുന്നു.
അമ്മ വീണതറിഞ്ഞ മകന്‍ ലിയോ കിണറ്റിലിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് അയല്‍വാസിയായ സോണി കിണറ്റില്‍ ഇറങ്ങുകയായിരുന്നു.സോണിയും ലിയോയും ചേര്‍ന്ന് കയറുപയോഗിച്ച് മേരി താഴ്‌ന്നു പോകാതെ കെട്ടി നിര്‍ത്തി. ലിയോയും സോണിയും കയറില്‍ പിടിച്ച് കിടക്കുകയും ചെയ്‌തു.
പോലീസ് ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘവും, പറവൂരില്‍ നിന്ന് അസിസ്‌റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ ബൈജു പണിക്കരുടെ നേതൃത്വത്തിലുളള ഫയര്‍ഫോഴസ് സംഘവും സ്ഥലത്തെത്തി. അഗ്നി രക്ഷാ സേന പിവി സുനില്‍കുമാര്‍ കിണറ്റില്‍ ഇറങ്ങിയതിനേതുടര്‍ന്ന് വലയുപയോഗിച്ച് ഉദ്യോഗസ്ഥര്‍ മൂവരേയും കരയ്‌ക്കുകയറ്റി. അമ്മയും മകനും അവശനിലയിലായിരുന്നു. പ്രഥമീക ചികിത്സക്കുശേഷം ഇരുവരേയും ചാലാക്ക മെഡിക്കല്‍ കോളേജിലെത്തിച്ചു.