ന്യൂഡല്‍ഹി: സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെട്ട പുതിയ ഭുപടം അച്ചടിച്ച് നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് പ്രദേശങ്ങളാണ് പുതുക്കിയ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും ഈ ഭൂപടം നേപ്പാള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളിലാണ് പുതുക്കിയ ഭൂപടം അച്ചടിച്ച് വന്നിരിക്കുന്നത്. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഈ ഭൂപടം തന്നെ അച്ചടിക്കുമെന്ന് നേപ്പാള്‍ വിദ്യാഭ്യാസ മന്ത്രി ഗിരിരാജ് മനി പൊഖ്റിയാല്‍ അറിയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലുള്ള ഈ മൂന്നു ഭാഗങ്ങള്‍ നേപ്പാളിന്റെ ഭാഗമാക്കി പരിഷ്‌കരിക്കാനുള്ള ഭരണഘടനാ ഭേദഗതി നേപ്പാള്‍ പാര്‍ലമെന്റില്‍ ജനപ്രതിനിധി സഭ കഴിഞ്ഞ ജൂണിലാണ് ഏകകണ്ഠമായി പാസാക്കിയത്.

