കാസര്‍ഗോഡ് നാല് വര്‍ഷം കൊണ്ട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ സമ്പന്നമാക്കാന്‍ സാധിച്ചു

കാസര്‍ഗോഡ് : വൈവിധ്യപൂര്‍വമായ പദ്ധതികളിലൂടെ കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക പരിസരത്തെ സമ്പന്നമാക്കാന്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് സര്‍ക്കാരിന് സാധിച്ചുവെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. എല്ലാമേഖലകളെയും സ്പര്‍ശിക്കുന്ന പദ്ധതികള്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നും നവോത്ഥാന മൂല്യങ്ങള്‍ വീണ്ടെടുക്കാനും സാംസ്‌കാരിക രംഗം ഇന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനും നിരവധി പദ്ധിതകള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മഞ്ചേശ്വരത്ത് നിര്‍മിച്ച തുളുഭവന്‍ സാംസ്‌കാരി കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  നവോത്ഥാനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്  കേരളത്തെ ഇന്ന് കാണുന്ന രൂപത്തില്‍ പരിവര്‍ത്തനം ചെയ്യാന്‍ നേതൃത്വം കൊടുത്ത നിരവധി സാംസ്‌കാരിക നായകരുടെ പേരില്‍ ഓരോ ജിലലയിലും കോടിക്കണക്കിന് രൂപ ചെലവില്‍ സാംസ്‌കാരിക കെട്ടിടങ്ങള്‍ സമുച്ചയങ്ങള്‍ ഉയരുകയാണ്. അതിന്റെ ഭാഗമായാണ് കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം സുബ്രഹ്മണ്യം തിരുമുമ്പിന്റെ പേരില്‍ 42 കോടി ചെലവില്‍ സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചത്. മറഞ്ഞു പോയ പലരെയും പുതിയ തലമുറക്ക് പരിചയമില്ല. അവരുടെ സംഭാവന എന്തെന്നറിയില്ല. കേരളീയ നവോത്ഥാനത്തിന്റെ ശില്‍പികളെ പുതിയ തലമുറക്ക് അനുഭവവേധ്യമാക്കുക, അവരുടെ മൗലികമായ ചിന്തയെന്തായിരുന്നുവെന്ന് പുതിയ തലമുറയെ പഠിപ്പിക്കുക. കേരളത്തെ ഈ രൂപത്തില്‍ രൂപപ്പെടുത്തുന്നതില്‍ അവരുടെ പങ്കെന്തൊയിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങള്‍ നിറവേറ്റാനാണ് സാംസ്‌കാരിക വകുപ്പ് ഒട്ടേറെ പദ്ധതികളാവിഷ്‌കരിച്ചത്. കലാകാരന്‍മാരുടെയും സാഹിത്യകാരന്‍മാരുടെയും പേരില്‍ ശ്രദ്ധേയമായ കേന്ദ്രങ്ങളാണ് തയ്യാറാവുന്നത്. ചില നിര്‍മാണങ്ങള്‍ പൂര്‍ത്തീകരിക്കാനും സാധിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷി വാര്‍ഷികത്തോടനുബന്ധിച്ച് രക്തസാക്ഷ്യം എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനിന്ന വിപുലമായി ആഘോഷിച്ചു. ഗാന്ധിയുടെ പാദസ്പര്‍ഷമേറ്റ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി സെമിനാറുകളും പരിപാടികളും സംഘടിപ്പിച്ചു. ഗാന്ധി മൂന്ന് പ്രാവശ്യം സന്ദര്‍ശിച്ച പാലക്കാട്ടെ ശബരി ആശ്രമത്തിന്റെ നവീകരണത്തിന് നാല് കോടി രൂപ ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവിടെ വലിയ ഗാന്ധിസ്മൃതി കേന്ദ്രമാണ് ഉയരുന്നത്. പട്ടിക ജാതി വര്‍ഗവുമായി ബന്ധപ്പെട്ട കലാരൂപങ്ങളും ഉത്പന്നങ്ങളും വിപണനത്തിനും വര്‍ഷം രണ്ട് പ്രദേശങ്ങളില്‍ ഗദ്ദികയെന്ന മഹോത്സവം വന്‍ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിന് സ്ഥിരം വേദി സ്ഥാപിക്കുന്നതിന് 100 കോടി രൂപയാണ് നല്‍കുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോ 150 കോടി ചെലവില്‍ ഫിലിം സിറ്റിയായി ഉയര്‍ത്താന്‍ പോവുന്നു. ഗ്രാമപ്രദേശങ്ങളില്‍ കെഎസ്എഫ്ഡിസിയുടെ പുതിയ തിയേറ്ററുകള്‍ നിര്‍മിക്കും. എല്ലാ അവാര്‍ഡ് തുകകളും വര്‍ധിപ്പിച്ചു. ഒരു ഉത്സവ പ്രതീതിയാണ് നാലു വര്‍ഷത്തിനിടെ കേരള ജനതക്ക് അനുഭവവേദ്യമായത്. നിര്‍ഭാഗ്യവശാല്‍ കോവിഡ് ആശങ്ക. കാണാമറയത്ത് വന്ന് നില്‍ക്കുന്നു. കാണാമറയത്തെ അന്തകനെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യക്കും ലോകത്തിനും മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനായി. നിലവിലെ സാഹചര്യം പുതിയ പരിപാടികള്‍ക്ക് പ്രതിസന്ധി തീര്‍ക്കുന്നുണ്ടെങ്കിലും പരിമിതകള്‍ക്കുള്ളില്‍ നിന്ന് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തുളുനാടന്‍ ജനതയുടെ ആത്മാവിഷ്‌കാകരം തുളുമ്പുന്ന തുളുഭവന്‍

2007ല്‍ വിഎസ് അച്ചുതാനന്ദന്‍ സര്‍ക്കാരാണ് ഭാഷാ ന്യൂനപക്ഷമായ തുളുവിഭാഗത്തിന്റെ സാംസ്‌കാരിക വികസനത്തിന് തുടക്കം കുറിച്ചത്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി നിലവിലെ സര്‍ക്കാര്‍ 25 ലക്ഷം രൂപയാണ് തുളുഭവന് യാഥാര്‍ത്ഥ്യമാക്കാന്‍ നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കും. വാമൊഴിയിലൂടെയാണ് തുളുഭാഷ നിലനിന്ന് പോന്നത്. ലിപിയില്ലാത്തതാണ് ഈ ഭാഷയുടെ വളര്‍ച്ചയ്ക്ക വിഗാതമായത്. കലാ സാംസ്‌കാരിക വികസനത്തിന് വലിയ ശ്രമങ്ങളുണ്ടായിട്ടില്ല. തുളു അക്കാദമിയുടെ സംസ്ഥാപനത്തിന് ശേഷം പരിപോഷണത്തിനായി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തുളു ദേശീയ സെമിനാര്‍, നാടോടിക്കലസംഗമം, മഹോത്സവങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

തുളുനാടിന്റെ കലാ സ്വപ്നങ്ങള്‍ക്ക് വര്‍ണമേകാന്‍ സാംസ്‌കാരിക കേന്ദ്രം യാഥാര്‍ത്ഥ്യമായി

കാസര്‍കോട് : ജില്ലയിലെ ഭാഷാന്യൂനപക്ഷമായ തുളുജനവിഭാഗത്തിന്റെ കലാ-സാംസ്‌കാരിക സ്വപ്നങ്ങള്‍ക്ക് നിറവര്‍ണം നല്‍കാന്‍ മഞ്ചേശ്വരത്ത് സാംസ്‌കാരിക കേന്ദ്രം തയ്യാറായി. തുളുഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മഞ്ചേശ്വരം ദുര്‍ഗിപ്പള്ളയില്‍ സ്ഥാപിച്ച തുളുഭവന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. തുളു മാസിക തെമ്പരെ റവന്യു മന്ത്രി കേരള തുളു അക്കാദമി ചെയര്‍മാന് നല്‍കി പ്രകാശനം ചെയ്തു. തുളു പണ്ഡിതനും അക്കാദമി ആദ്യചെയര്‍മാനുമായ അന്തരിച്ച ഡോ. വെങ്കടരാജ പുണിഞ്ചിത്തായയുടെ പേരിലുള്ള ലൈബ്രറി എംസി കമറുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഹാള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. തുളു ലിപി പഠനത്തിനുള്ള ഓണ്‍ലൈന്‍ കോഴ്‌സിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് നിര്‍വഹിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിര്‍മിച്ച തുളു ടെലിഫിലിം ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി കെ ആര്‍ ജയാനന്ദ പുറത്തിറക്കി.

ഹൊസങ്കടിക്ക് സമീപം കടമ്പാര്‍ വില്ലേജിലെ ദുര്‍ഗിപ്പള്ളത്ത് റവന്യു വകുപ്പ് വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് തുളുഭവന്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള സാംസ്‌കാരിക കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി 2019 ഫെബ്രുവരി 27ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ് ശിലാസ്ഥാപനം നിര്‍വഹിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്-19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് തിയ്യതി മാറ്റിവെക്കുകയായിരുന്നു. നിര്‍മാണം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് തുളുഭവന്റെ ആദ്യഘട്ടം പൂര്‍ത്തിയായത്. 25 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. ലൈബ്രറിയും ചര്‍ച്ചകള്‍ക്കും മറ്റുമായി ഒരു എക്സിക്യുട്ടീവ് റൂമും അക്കാദമി ചെയര്‍മാന്‍, സെക്രട്ടറി എന്നിവര്‍ക്കുള്ള മുറികളും സ്റ്റാഫ് റൂമുകളും ഈ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാനിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

രണ്ടാം ഘട്ടത്തില്‍ തുളുഭവനോടനുബന്ധിച്ച് ഒരു ഗവേഷണ കേന്ദ്രമാണ് നിര്‍മിക്കാനുദ്ദേശിക്കുന്നുണ്ട്. ഇതില്‍ തുളുസംസ്‌കാരവുമായി ബന്ധപ്പെട്ട മ്യൂസിയവും സജ്ജീകരിക്കും. ഈ പദ്ധതിക്കായി അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുര്‍റസാഖ് എംഎല്‍എ ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ക്കായി തുളു കള്‍ച്ചറല്‍ തിയേറ്റര്‍ സ്ഥാപിക്കും. ഇതിനായി കാസര്‍കോട് വികസനപാക്കേജില്‍ ഒരു കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്.മഞ്ചേശ്വരത്ത് 2007ല്‍ സെപ്തംബര്‍ മൂന്നിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്തനാണ് കേരള തുളു അക്കാദമി ഉദ്ഘാടനം ചെയ്തത്. മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പുവായിരുന്നു തുളുഭവന് വേണ്ടി ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി ലഭ്യമാക്കുന്നതിന് മുന്‍കൈയെടുത്തത്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ നിര്‍മിതി കേന്ദ്രം എഞ്ചിനീയര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വോര്‍ക്കാടി, പഞ്ചായത്ത് അംഗം ഷൈല ബാലകൃഷ്ണ,  കേരള തുളു അക്കാദമി സെക്രട്ടറി ബി പ്രദീപ് കുമാര്‍,  താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി കമലാക്ഷ,  പാര്‍ത്ഥിസുബ്ബ യക്ഷഗാന അക്കാദമി അധ്യക്ഷന്‍ ശങ്കര്‍ റായ്, ജനപ്രതിനിധികള്‍,  രാഷ്ട്രീയ കക്ഷി പ്രതിനിധികളായ മണികണ്ഠ റായ്, ഡിഎംകെ മുഹമ്മദ്, ബിവി രാജന്‍, ടി എ മൂസ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7968/Thulu-bhavan-inauguration-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →