പ്രളയ ദുരിതത്തില്‍ അസമും അരുണാചല്‍ പ്രദേശും; രണ്ട് മരണം

ഇറ്റാനഗര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അരുണാചല്‍ പ്രദേശിലും അസമിലും പ്രളയം. ഇരു സംസ്ഥാനങ്ങളിലെയും നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, അരുണാചല്‍ പ്രദേശിലെ ലെപറഡയില്‍ പ്രളയത്തെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണ സേന അറിയിച്ചു.

അസമില്‍ മൂന്ന് ജില്ലകളിലായി 33,200 പേരെയാണ് പ്രളയം ബാധിച്ചത്. കിഴക്കന്‍ അസമിലെ ടിന്‍സുഖിയ, ലഖിംപൂര്‍, ദീമാജി ജില്ലകളിലാണ് പ്രളയത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായത്. ജോര്‍പൂരിലും സൊനിറ്റ്പൂരിലും ഭ്രഹ്മപുത്രയും ജയ് ഭാരതി നദിയും കരകവിഞ്ഞൊഴുകുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ 4,340 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു.

അരുണാചല്‍ പ്രദേശിലെ ലെപറഡ, വെസ്റ്റ് സിയാങ്, സിയാങ്, ഈസ്റ്റ് സിയാങ് എന്നിവിടങ്ങളില്‍ പ്രളയം അതിതീവ്രമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശങ്ങളിലെ പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. പാലങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ 116 പേരാണ് അസമില്‍ മരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →