അബുജ: ബലാത്സംഗക്കേസില്‍ പ്രതികളാകുന്ന പുരുഷന്മാരുടെ ലിംഗം ഛേദിക്കാനും 14 വയസിന് താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശിക്ഷിക്കപ്പെട്ടാല്‍ സ്ത്രീകളുടെ ഫാലോപ്യന്‍ ട്യൂബുകള്‍ നീക്കംചെയ്യാനും നെജീരിയയിലെ കഡുന സ്റ്റേറ്റ് നിയമം പാസാക്കി. കൊവിഡ് ലോക്ക്ഡൗണില്‍ ബലാത്സംഗക്കേസുകള്‍ കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നിയമം പാസാക്കിയത്. ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് മരണശിക്ഷ ഉള്‍പ്പെടെ കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് വനിതാ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 14വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.
കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കടുത്ത ശിക്ഷ ആവശ്യമാണെന്ന് നിയമം പാസാക്കിക്കൊണ്ട് ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് അല്‍ റുഫായി പറഞ്ഞു. നേരത്തെ പ്രായപൂര്‍ത്തിയായ ഒരാളെ ബലാത്സംഗം ചെയ്താല്‍ പരമാവധി 21 വര്‍ഷം തടവും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു ശിക്ഷ നല്‍കിയിരുന്നത്.

