ന്യൂഡല്‍ഹി: ഉദയ്പൂരിലെ ലക്ഷ്മി വിലാസ് പാലസ് ഹോട്ടല്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് പ്രത്യേക സിബിഐ കോടതി. വാജ്പേയ് സര്‍ക്കാരിലെ മന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ ഷൂരിയ്ക്ക് പുറമേ മുന്‍ ബ്യൂറോക്രാറ്റ് പ്രദീപ് ബൈജാല്‍, ജ്യോത്സ്ന സൂരി എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാണ് നിര്‍ദേശം.2002ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2019ല്‍ തെളിവുകളൊന്നുമില്ലെന്ന് കാണിച്ച് അവസാനിപ്പിക്കുന്നതായി സിബിഐ റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ജോധ്പൂര്‍ കോടതി ഈ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. ഹോട്ടല്‍ വില്‍പ്പന കേസ് വീണ്ടും ആരംഭിക്കണമെന്നാണ് ഇപ്പോള്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വാജ്‌പേയി സര്‍ക്കാരില്‍ ഓഹരി വിറ്റഴിക്കലിന്റെ ചുമതലയുണ്ടായിരുന്ന ഷൂരിയുടെ നേതൃത്വത്തില്‍ 252 കോടി രൂപ വിലമതിക്കുന്ന ഹോട്ടല്‍ ലക്ഷ്മി വിലാസ് 7.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയെന്നാണ് കേസ്.ആഡംബര ഹോട്ടലിന്റെ ഓഹരി വിറ്റഴിക്കല്‍ മൂലം സര്‍ക്കാരിന് ഏകദേശം 143.48 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും പ്രതികള്‍ക്ക് വ്യക്തിപരമായി നേട്ടമുണ്ടാവുകയും ചെയ്തതായാണു കോടതി കണ്ടെത്തിയത്.
1999 മുതല്‍ 2002 വരെ സര്‍ക്കാരിനു പണം നഷ്ടപ്പെടാന്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരും സ്വകാര്യ വ്യക്തികളും കാരണമായെന്നും ഒരു ചതുരശ്ര യാര്‍ഡിന് 45 രൂപയാണ് ഭൂമിയുടെ മൂല്യം കണക്കാക്കിയതെന്നും അതിനേക്കാള്‍ വില വരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉദയ്പൂരിലെ മുന്‍ രാജാക്കന്മാരുടേതാണ് ലക്ഷ്മി വിലാസ് കൊട്ടാരം.