ന്യൂഡൽഹി: അനിൽ അംബാനിക്ക് എതിരായ നടപടികൾക്ക് ഡൽഹി ഹൈക്കോടതി അനുവദിച്ച സ്റ്റേ നീക്കാൻ എസ് ബി ഐ സുപ്രീം കോടതിയിൽ നൽകിയ ഹർജി തള്ളി. 17-09-2020 വ്യാഴാഴ്ചയായിരുന്നു ഹർജി പരിഗണിച്ചത്. ജസ്റ്റിസ് എൽ നാഗേശ്വരറാവു, ഹേമന്ത് ഗുപ്ത, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സീനിയർ അഡ്വക്കേറ്റ് ഹരീഷ് സാൽവേ എസ് ബി ഐ യ്ക്കു വേണ്ടി കോടതിയിൽ ഹാജരായി.
റിലയൻസ് കമ്മ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികൾക്ക് ഡൽഹി ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നു. അംബാനിയുടെ രണ്ട് കമ്പനികൾ എസ് ബി ഐ യിൽ നിന്നെടുത്ത 1200 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കുന്നതിനോട് ബന്ധപ്പെട്ടായിരുന്നു സ്റ്റെ . ഒക്ടോബർ ആറിന് ഹർജി പരിഗണിക്കാൻ സുപ്രീം കോടതി ഡൽഹി ഹൈക്കോടതിയ്ക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ എസ് ബി ഐ യ്ക്ക് ഹർജിയിൽ മാറ്റംവരുത്താമെന്നും കോടതി വ്യക്തമാക്കി. ആർക്കോമിനും റിലയൻസ് ഇൻഫ്രാടെല്ലിനും അനുവദിച്ച വായ്പകൾക്ക് 2016-ല്‍ അനിൽ അംബാനി വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നു.