വനംവകുപ്പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച വാച്ചര്‍മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ഇടുക്കി: വളളക്കടവില്‍ വനംവകുപ്പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച വാച്ചര്‍മാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. മരം മുറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥനെയും സംഘത്തെയും വാച്ചര്‍മാരുടെ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥനായ സുജിത്തിനെയും രണ്ട് വാച്ചര്‍മാരെയുമാണ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. വള്ളക്കടവ് റേഞ്ചിലെ അനധികൃത മരംമുറിയും, മൃഗവേട്ടയും അന്വേഷിക്കാനെത്തിയ ഇവരെ മര്‍ദ്ദിച്ച കേസില്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വള്ളക്കടവ് റേഞ്ചിലെ സ്ഥിരം ജീവനക്കാരായ വിഷ്ണു, സതീഷ്, താല്‍കാലിക ജീവനക്കാരായ ബിജു, രഞ്ജിത്ത്,നാട്ടുകാരനായ അജയന്‍ എന്നിവരാണ് അറസ്റ്റിലായത്.

സി.പി.എം. അനുകൂലസംഘടനയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. പ്രതികള്‍ മര്‍ദ്ദിക്കുന്ന സമയത്ത് വള്ളക്കടവ് റേഞ്ചറും, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും സ്ഥലത്തുണ്ടായിരുന്നു. ഐ.ഡി കാര്‍ഡ് കാണിച്ചിട്ടും മര്‍ദ്ദനം തുടര്‍ന്നു എന്നാണ് ആരോപണം.

ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഒടുവില്‍ സിപിഐ നേതൃത്വം ഇടപെട്ടതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത് എന്നാണ് ആരോപണം. എന്നാല്‍ അറസ്റ്റ് വൈകുകയായിരുന്നു. ഇതോടെ സിപിഐ സംഘടനകള്‍ പ്രത്യക്ഷ സമരം നടത്തി. തുടര്‍ന്നാണ് എട്ടുമാസത്തിനു ശേഷം പ്രതികളെ അറസ്റ്റ് ചെയ്തത്. കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →