വഡോദര: ഭാര്യയെ നിരീക്ഷിക്കാന്‍ തന്റെ കിടപ്പുമുറിയില്‍ സിസിടിവി സ്ഥാപിച്ച് നാവികസേനയിലെ വിരമിച്ച ഉദ്യോഗസ്ഥന്‍. സംഭവം കോടതിയിലെത്തിയതിനെ തുടര്‍ന്ന് ഭാര്യയ്ക്ക് 40,000 രൂപ മെയിന്റനന്‍സ് ചാര്‍ജ് നല്‍കണമെന്നും ക്യാമറ നീക്കം ചെയ്യാനും വഡോദര അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി എ പട്ടേല്‍ നിര്‍ദേശിച്ചു. മുംബൈയിലായിരുന്ന ഭാര്യയും മക്കളും കൊവിഡിനെ തുടര്‍ന്ന് വഡോദരയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തുകയായിരുന്നു. അതോടെ നാവികസേനാ ഉദ്യോഗസ്ഥന്‍ കിടപ്പുമുറിയിലും വീടിന്റെ മറ്റ് ഭാഗങ്ങളിലും സിസിടിവി സ്ഥാപിച്ചു. ക്യാമറകള്‍ കാരണം ഇയാളുടെ ഭാര്യയ്ക്കും മകള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. അവ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
ശേഷം ഇയാള്‍ ഭാര്യയെ അധിക്ഷേപിക്കുകയും മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും ചെയ്തു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഭാര്യയെ മര്‍ദ്ദിക്കുന്നതും പതിവാക്കി. തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ആക്രമിക്കുന്നതിനുമുമ്പ് പ്രതി ക്യാമറ ഓഫ് ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഭാര്യ പോലീസിനെ സമീപിച്ചു. ഭാര്യയുടെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, മറ്റ് രേഖകളും ഇയാള്‍ പിടിച്ച് വച്ചു. തുടര്‍ന്നാണ് കേസ് കോടതിയിലെത്തിയത്.

